82,845 കോടി രൂപയുടെ കിട്ടാക്കടം ഏറ്റെടുക്കാന്‍ ഒരുങ്ങി ബാഡ് ബാങ്ക്

January 29, 2022 |
|
News

                  82,845 കോടി രൂപയുടെ കിട്ടാക്കടം ഏറ്റെടുക്കാന്‍ ഒരുങ്ങി ബാഡ് ബാങ്ക്

ന്യൂഡല്‍ഹി: ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച നാഷനല്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (എന്‍എആര്‍സിഎല്‍) മാര്‍ച്ച് 31ന് മുന്‍പായി വിവിധ ബാങ്കുകളില്‍ നിന്നായി 50,335 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി ഏറ്റെടുക്കും. വിവിധ ബാങ്കുകളിലായി 82,845 കോടി രൂപയുടെ കിട്ടാക്കടമാണ് എന്‍എആര്‍സിഎല്‍ അഥവാ ബാഡ് ബാങ്കിലേക്ക് കൈമാറാനായി കണ്ടുവച്ചിരിക്കുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര അറിയിച്ചു.

കഴിഞ്ഞ കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമനാണ് 'ബാഡ് ബാങ്ക്' രൂപീകരണം പ്രഖ്യാപിച്ചത്. ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കുന്ന എന്‍എആര്‍സിഎല്‍, പണയവസ്തുക്കള്‍ വിറ്റ് പണമീടാക്കും. ബാങ്കുകളുടെ മോശം ആസ്തി ഏറ്റെടുക്കുന്ന ബാങ്ക് എന്ന നിലയ്ക്കാണ് ഇതിനെ ബാഡ് ബാങ്ക് എന്നു വിളിക്കുന്നത്.

ബാഡ് ബാങ്കിനു പുറമേ ഏറ്റെടുത്ത എന്‍പിഎ കൈകാര്യം ചെയ്യുന്ന ഇന്ത്യ ഡെബ്റ്റ് റെസല്യൂഷന്‍ കമ്പനി ലിമിറ്റഡിനും (ഐഡിആര്‍സിഎല്‍) പ്രവര്‍ത്തനത്തിനുള്ള എല്ലാ അനുമതിയും റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ചു. തിരുവനന്തപുരം സ്വദേശി പദ്മകുമാര്‍ എം. നായരാണ് ബാഡ് ബാങ്കിന്റെ മേധാവി. എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റ് ലിമിറ്റഡിലെ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി മനീഷ് മഖാറിയ ഐഡിആര്‍സിഎല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

അസറ്റ് റീകണ്‍സ്ട്രക്ഷന്‍/ മാനേജ്‌മെന്റ് കമ്പനിയായി ആയിരിക്കും എന്‍എആര്‍സിഎല്‍ പ്രവര്‍ത്തിക്കുക. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഏറ്റെടുക്കുമ്പോള്‍ ബാങ്കുകള്‍ക്ക് നിശ്ചിത ശതമാനം തുക നല്‍കും. ബാക്കി തുകയ്ക്കുള്ള സര്‍ട്ടിഫിക്കറ്റാണു നല്‍കുക. ആ കിട്ടാക്കടം വിറ്റ് പണം ലഭിക്കുന്ന മുറയ്ക്ക് ഈ സര്‍ട്ടിഫിക്കറ്റിനു പകരമായി പണം നല്‍കും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ മുന്‍കയ്യെടുത്തു രൂപീകരിക്കുന്ന എന്‍എആര്‍സിഎല്ലില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 70 ശതമാനം ഓഹരിയുണ്ടാകും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved