ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 141ല്‍ നിന്ന് 136 ആയി ചുരുങ്ങി

August 11, 2021 |
|
News

                  ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 141ല്‍ നിന്ന് 136 ആയി ചുരുങ്ങി

രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം കുറഞ്ഞതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. 2019-20 കാലത്ത് 141 ശതകോടീശ്വരന്മാരുണ്ടായിരുന്നു (നൂറു കോടി രൂപയിലധികം വരുമാനമുള്ളവര്‍) ഇന്ത്യയില്‍. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം, അതായത് 2020-21 കാലത്ത്, ശതകോടീശ്വരന്മാരുടെ എണ്ണം 136 ആയി ചുരുങ്ങി. ആദായ നികുതി റിട്ടേണില്‍ നല്‍കിയ വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്ക്. 2018-19 സാമ്പത്തിക വര്‍ഷം 77 പേരാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചത്.

'സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസില്‍ (സിബിഡിറ്റി) നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം പ്രത്യക്ഷ നികുതിക്ക് കീഴില്‍ ശതകോടീശ്വരനെന്ന പദത്തിന് കൃത്യമായ ഭരണനിര്‍വചനമില്ല. 2016 ഏപ്രില്‍ മുതല്‍ സമ്പന്ന നികുതി നിര്‍ത്തലാക്കിയതുകൊണ്ട് നികുതിദായകരുടെ സമ്പത്ത് സംബന്ധിച്ച എല്ലാ വിവരങ്ങളും ഇപ്പോള്‍ സിബിഡിറ്റിയുടെ പക്കലില്ല', നിര്‍മല സീതാരമാന്‍ ചൊവാഴ്ച്ച രാജ്യസഭയില്‍ പറഞ്ഞു.

ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്ന ജനവിഭാഗത്തെ കുറിച്ചും ധനമന്ത്രി പാര്‍ലമെന്റില്‍ പരാമര്‍ശം നടത്തി. ടെണ്ടുല്‍ക്കര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 27 കോടി ജനം ദാരിദ്ര്യ രേഖയ്ക്കും താഴെയാണ് ജീവിക്കുന്നത്. മൊത്തം ജനസഖ്യയുടെ 21.9 ശതമാനം വരുമിത്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനായി 'സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്' തുടങ്ങിയ നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി ധനമന്ത്രി അറിയിച്ചു.

നേരത്തെ, ഫെബ്രുവരിയിലെ ബജറ്റിന് മുന്നോടിയായി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയില്‍ കുടിവെള്ളം, ശുചിമുറി, ശുചിത്വം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെ ജീവിക്കുന്ന ജനങ്ങളുടെ കണക്ക് കേന്ദ്രം സൂചിപ്പിച്ചിരുന്നു. ബെയര്‍ നെസസിറ്റീസ് സൂചിക പ്രകാരം 2012 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങളോടെ ജീവിക്കുന്ന ജനവിഭാഗം ഗണ്യമായി ഉയര്‍ന്നു.

രാജ്യത്തെ വിലനിരക്കുകള്‍ സംബന്ധിച്ച ചോദ്യത്തിനും ധനമന്ത്രി കഴിഞ്ഞ ദിവസം മറുപടി നല്‍കി. ഇന്ത്യയില്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലനിരക്കുകള്‍ കേന്ദ്രം തുടര്‍ച്ചയായി നിരീക്ഷിക്കുകയാണ്. ന്യായയുക്തമായ വിലനിലവാരം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇതിനോടകം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളില്‍ അടുത്തകാലത്തായി കണ്ടുവരുന്ന ഡിമാന്‍ഡും വിതരണവും തമ്മിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ വിതരണം വര്‍ധിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കുറച്ചു, പയറുവര്‍ഗങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും ഇറക്കുമതി നയം ഉദാരവത്കരിച്ചു, പയറുവര്‍ഗങ്ങള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യാനായി വിതരണ രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിട്ടു തുടങ്ങിയ നിരവധി കാര്യങ്ങളാണ് പണപ്പെരുപ്പം നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഇതിനോടകം ചെയ്തതെന്ന് ധനമന്ത്രി അറിയിച്ചു. പയറുവര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തുക വഴി വിലനിലവാരം കുറയ്ക്കാന്‍ കഴിഞ്ഞെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

രാജ്യസഭയില്‍ ഉയര്‍ന്ന മറ്റൊരു ചോദ്യത്തില്‍ അര്‍ബന്‍ സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളെ കുറിച്ചും ധനമന്ത്രി സംസാരിച്ചു. 2020-21 കാലത്ത് അര്‍ബന്‍ സഹകരണ ബാങ്കുകളിലെ തടിപ്പ് 323 കേസുകളിലേക്ക് ചുരുങ്ങി. 2019-20 കാലഘട്ടത്തില്‍ 568 തട്ടിപ്പ് കേസുകള്‍ക്ക് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ സാക്ഷിയായിരുന്നു. സംസ്ഥാന സഹകരണ ബാങ്കുകളിലെ തട്ടിപ്പുകള്‍ 508 -ല്‍ നിന്നും 482 കേസുകളായി ചുരുങ്ങിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
മറ്റൊരു ചോദ്യത്തില്‍ 2021 ജൂലായ് 15 -ലെ കണക്കുകള്‍ പ്രകാരം 1.33 ലക്ഷം വ്യക്തികളാണ് കോവിഡ് ചികിത്സയ്ക്കായി പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ഈടില്ലാത്ത വായ്പ നേടിയതെന്ന കാര്യം ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. കോവിഡ് ചികിത്സയ്ക്കായി ഈടില്ലാത്ത വായ്പാ സൗകര്യം വ്യക്തികള്‍ക്ക് വേണ്ടി പൊതുമേഖലാ ബാങ്കുകള്‍ തുടരുകയാണ്.

ടേം വായ്പ അടിസ്ഥാനപ്പെടുത്തി കോവിഡ് ബാധിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ഈടില്ലാതെ വായ്പ ലഭിക്കും. മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെയാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. ആദ്യ അടവ് ആരംഭിക്കാന്‍ മൂന്നു മുതല്‍ ആറ് മാസം വരെ മൊറട്ടോറിയം സാവകാശവും വായ്പയെടുക്കുന്നവര്‍ക്ക് ലഭിക്കും.

Related Articles

© 2024 Financial Views. All Rights Reserved