
ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള കല്‍ക്കരി ഇറക്കുമതി ഏപ്രില്‍ മാസത്തില്‍ കുത്തനെ വര്‍ധിച്ചു. 30.3 ശതമാനമാണ് വര്‍ധന. 22.27 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത് 17.09 ദശലക്ഷം ടണ്‍ കല്‍ക്കരിയായിരുന്നു. മഴക്കാലത്തിന് മുന്നോടിയായി കല്‍ക്കരി വാങ്ങി സൂക്ഷിക്കാനുള്ള തീരുമാനവും വിതരണത്തിലെ ആശങ്കയുമാണ് ഇറക്കുമതി വര്‍ധിക്കാന്‍ കാരണമായി പറയുന്നത്.
നോണ്‍ കോക്കിങ് കല്‍ക്കരി 15.32 ദശലക്ഷം ടണ്ണാണ് ഏപ്രില്‍ മാസത്തില്‍ ഇറക്കുമതി ചെയ്തത്. 12.28 ദശലക്ഷം ടണ്ണായിരുന്നു കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലെ കണക്ക്. കോക്കിങ് കല്‍ക്കരി 4.74 ദശലക്ഷം ടണ്ണാണ് ഇക്കുറി ഇറക്കുമതി ചെയ്തത്. 3.23 ദശലക്ഷം ടണ്ണായിരുന്നു കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലേക്ക് എത്തിയത്.