
ന്യൂഡല്‍ഹി: കടുത്ത കോവിഡ് പ്രതിസന്ധിയുടെയും അതിന്റെ ഫലമായി വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണുകളുടെയും സ്വാധീന ഫലമായി മേയ് മാസത്തില്‍ ഇന്ത്യയിലെ ഉപഭോക്തൃ വിശ്വാസം കൂടുതല്‍ ദുര്‍ബലമായി. ഇന്ത്യയുടെ പ്രതിമാസ റിഫിനിറ്റിവ്-ഇപ്‌സോസ് പ്രൈമറി കണ്‍സ്യൂമര്‍ സെന്റിമെന്റ് ഇന്‍ഡെക്‌സ് (പിസിഎസ്‌ഐ) മെയ് മാസത്തില്‍ ഏപ്രിലിലിനെ അപേക്ഷിച്ച് 6.3 ശതമാനം പോയിന്റിന്റെ കുത്തനെയുള്ള ഇടിവ് പ്രകടമാക്കി.
പ്രതിമാസ പിസിഎസ്‌ഐ-യുടെ ഭാഗമായ നാല് പ്രധാന ഉപസൂചികകളിലും ഇടിവാണ് ഉണ്ടായിട്ടുള്ളത്. . പിസിഎസ്‌ഐ തൊഴില്‍ ശുഭാപ്തി വിശ്വാസ ഉപ സൂചിക 4.7 ശതമാനം കുറഞ്ഞു. നിലവിലെ വ്യക്തിഗത സാമ്പത്തിക നില സംബന്ധിച്ച പിസിഎസ്‌ഐ ഉപസൂചിക 9.0 ശതമാനം പോയിന്റ് ഇടിഞ്ഞു. നിക്ഷേപാന്തരീക്ഷം വിലയിരുത്തുന്ന ഉപസൂചികയില്‍ 8.4 ശതമാനത്തിന്റെ ഇടിവ് പ്രകടമായി. സാമ്പത്തിക പ്രതീക്ഷ സംബന്ധിച്ച ഉപസൂചിക 4.4 ശതമാനം പോയിന്റ് കുറഞ്ഞുവെന്നും പിസിഎസ്‌ഐ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
'ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാമത്തെ തരംഗം തീവ്രതയില്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ട്. കേസുകളില്‍ കുത്തനെയുണ്ടായ വര്‍ധന ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നതിനൊപ്പം ഉപഭോക്തൃ വിശ്വസത്തെയും സാരമായി ബാധിക്കുന്നു,' ഇപ്‌സോസ് ഇന്ത്യ സിഇഒ അമിത് അദാര്‍ക്കര്‍ പറഞ്ഞു.
ജോലികളെയും സമ്പദ്വ്യവസ്ഥയെയും കുറിച്ചുള്ള ആത്മവിശ്വാസം ഇപ്പോള്‍ വളരെയധികം ബാധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വൈറസ് ബാധ അവസാനിപ്പിക്കുന്നതിനും ജീവനുകള്‍ രക്ഷിക്കുന്നതിനുമാണ് സര്‍ക്കാരിന്റെ ശ്രദ്ധ. എന്നാല്‍ ഇത് ഉപജീവനത്തെയും വരുമാനത്തെയും വലിയ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.