
ന്യൂഡല്‍ഹി: ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം കുറയുന്ന പ്രവണത തുടരുകയാണ്. ജൂലൈയില്‍ മൂന്ന് ശതമാനത്തിലധികം ഉല്‍പ്പാദനം ഇടിഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഎന്‍ജിസി ലക്ഷ്യമിട്ടതിനെക്കാള്‍ കുറവാണ് ഉല്‍പ്പാദിപ്പിച്ചത്. രാജ്യത്തെ അസംസ്‌കൃത എണ്ണ ഉല്‍പാദനം ജൂലൈയില്‍ 3.2 ശതമാനം ഇടിഞ്ഞ് 2.5 ദശലക്ഷം ടണ്ണായി. ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ 3.37 ശതമാനം ഇടിഞ്ഞ് 9.9 ദശലക്ഷം ടണ്ണായി. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുളള വിവരങ്ങളാണിത്.
രാജ്യത്തെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക ഉല്‍പ്പാദകരായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) ജൂലൈയില്‍ 1.6 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.2 ശതമാനം കുറവും ലക്ഷ്യമിട്ട 1.7 ദശലക്ഷം ടണ്ണിനേക്കാള്‍ 3.8 ശതമാനം കുറവുമാണ്. ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ ഒഎന്‍ജിസിയുടെ എണ്ണ ഉല്‍പാദനം 4.8 ശതമാനം ഇടിഞ്ഞ് 6.4 ദശലക്ഷം ടണ്ണായി.
പ്രകൃതിവാതക ഉല്‍പാദനത്തില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. റിലയന്‍സ്-ബിപിയുടെ കെജി-ഡി 6 മേഖലകളുടെ സഹായത്തോടെ ഗ്യാസ് ഉല്‍പാദനം മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 18.36 ശതമാനം ഉയര്‍ന്ന് 2.9 ബില്യണ്‍ ക്യുബിക് മീറ്ററായും (ബിസിഎം) ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ 20 ശതമാനം ഉയര്‍ന്ന് 11 ബിസിഎമ്മായി.
എന്നാല്‍, ഒഎന്‍ജിസിയുടെ വാതക ഉല്‍പാദനം 10 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ധന ആവശ്യകത വര്‍ദ്ധിച്ചതോടെ എണ്ണ ശുദ്ധീകരണശാലകള്‍ ജൂലൈയില്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ സംസ്‌കരിച്ചു. 19.4 ദശലക്ഷം ടണ്ണിലേക്ക് ഉല്‍പ്പാദനം ഉയര്‍ന്നു. ജൂലൈയിലെ ക്രൂഡ് പ്രോസസ്സിംഗ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.6 ശതമാനം കൂടുതലാണ്.
കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയും ഇന്ധന ആവശ്യകത ഉയരുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഉല്‍പ്പാദനം കുറയുന്നതോടെ ക്രൂഡ് ഓയിലിനായി കൂടുതല്‍ അന്താരാഷ്ട്ര വിപണിയെ രാജ്യത്തിന് ആശ്രയിക്കേണ്ടി വരും. ഇന്ത്യയിലെ ഉപഭോഗത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 83.7 ശതമാനവും ഇറക്കുമതിയിലൂടെയാണ് വിപണിയിലേക്ക് എത്തുന്നത്.