
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിന്നും ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഇനിയും ഒഴിഞ്ഞ് പോയിട്ടില്ലെന്ന് ഐഎംഎഫ്. കോവിഡ് ആഘാതം സമ്പദ്‌വ്യവസ്ഥയെ വിട്ടൊഴിഞ്ഞിട്ടില്ലെന്നാണ് ഐഎംഎഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. കോവിഡ് നിക്ഷേപത്തിലും മനുഷ്യവിഭവശേഷിയിലും നെഗറ്റീവ് വളര്‍ച്ചയുണ്ടാക്കിയെന്നും ഐഎംഎഫ് പറയുന്നു.
അതിവേഗത്തിലുള്ള സ്വകാര്യവല്‍ക്കരണം ഇന്ത്യക്ക് ആവശ്യമാണ്. വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളും വേണം. ചിലവുകള്‍ കാര്യക്ഷമമായി നടത്തികൊണ്ട് പോകണമെന്നും ഐഎംഎഫ് കൂട്ടിചേര്‍ക്കുന്നു. തൊഴില്‍, ഭൂമി മേഖലകളിലെ പരിഷ്‌കാരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനമേഖലയിലെ നിക്ഷേപം, ഭരണപുരോഗതി, ഉദാരവല്‍ക്കരണം എന്നിവയെല്ലാം ഇന്ത്യയെ സംബന്ധിച്ചടുത്തോളം പ്രധാനപ്പെട്ടതാണ്.
ഇത്തരം പരിഷ്‌കാരങ്ങള്‍ കൊണ്ട് മാത്രമേ ഇന്ത്യക്ക് ദീര്‍ഘകാലത്തേക്ക് വളര്‍ച്ചയുണ്ടാക്കാനാവു. രാജ്യത്തെ പട്ടിണിയും അസമത്വവും ഇല്ലാതാക്കുന്നതിനുള്ള ഏക പോംവഴിയും ഇതാണെന്നും ഐഎംഎഫ് അഭിപ്രായപ്പെടുന്നു. നേരത്തെ കോവിഡിനെ തുടര്‍ന്ന് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഐഎംഎഫ് വലിയ രീതിയില്‍ കുറച്ചിരുന്നു.