
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2020 ല്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ ഇന്ത്യന്‍ നേരിട്ടിരുന്നു. എന്നാല്‍ പ്രതീക്ഷച്ചതിനേക്കാള്‍ വേഗത്തിലാണ് സാമ്പത്തിക രംഗത്ത് വളര്‍ച്ച സാധ്യമാകുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സാമ്പത്തിക സൂചകങ്ങള്‍ പ്രോത്സാഹജനകമാണെന്നും അദ്ദേഹം പറഞ്ഞു. എഫ്‌ഐസിഐയുടെ 93-ാമത് വാര്‍ഷിക കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
പകര്‍ച്ചവ്യാധിയുടെ സമയത്ത് ജീവന്‍ രക്ഷിക്കുന്നതിനാണ് രാജ്യം മുന്‍ഗണന നല്‍കിയത്.സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും അതിലേക്കായിരുന്നു ലക്ഷ്യമിട്ടിരുന്നത്.അതുകൊണ്ട് തന്നെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷം എന്നത് സാധ്യമായിരുന്നില്ല. എന്നാല്‍ തിരിച്ച് വരവിനുള്ള കൃത്യമായ രൂപരേഖ ഉണ്ടെന്നും മോദി പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍പോലും കൂറ്റന്‍ വിദേശ നിക്ഷേപങ്ങളും വിദേശ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റുകളും നടന്നിരുനന്നു.രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വീണ്ടെടുക്കലിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്, അതിനാല്‍ മൂന്നാം പാദത്തില്‍ വളര്‍ച്ച ഉയരുമെന്നും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച ഒരു നില കൈവരിക്കുമെന്നും മോദി പറഞ്ഞു.
ജിഡിപിയുടെ ഇടിവ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 7.5 ശതമാനമായി കുറഞ്ഞു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സങ്കോചമാണ് ഈ പാദത്തിന്റെ ഭൂരിഭാഗവും ഉണ്ടായിരുന്നത്..ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മൊത്തത്തില്‍ 8.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്.