
2020-21 ലെ രണ്ടാം പാദത്തിലെ (ജൂലൈ-സെപ്റ്റംബര്‍) ജിഡിപി വളര്‍ച്ചാ നിരക്കുകള്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ടു. 2020-21 രണ്ടാം പാദത്തിലെ ജിഡിപി 33.14 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. 2019-20 ലെ രണ്ടാം പാദത്തിലെ 35.84 ലക്ഷം കോടി രൂപയില്‍ നിന്ന് 7.5 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ഒന്നാം പാദത്തേക്കാള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ പാദത്തിലെ റെക്കോര്‍ഡ് സങ്കോചത്തിന് കാരണമായ മഹാമാരി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമായി. രണ്ടാം പാദത്തില്‍ നാമമാത്ര വളര്‍ച്ച കൈവരിച്ച നിര്‍മാണമേഖലയുടെ മികച്ച പ്രകടനമാണ് പ്രതീക്ഷകള്‍ തകര്‍ത്തത്. എന്നിരുന്നാലും, സ്വകാര്യ ഉപഭോഗം 11.5 ശതമാനം കുറഞ്ഞു. ഉപഭോഗത്തില്‍ കുതിച്ചുചാട്ടത്തിന് ഇനിയും സമയമെടുക്കുമെന്നാണ് സൂചനകള്‍. വൈദ്യുതി മേഖല 4.4 ശതമാനവും കാര്‍ഷിക മേഖല മൂന്നു ശതമാനത്തിലധികവും വളര്‍ന്നു.
2020-21 ലെ നിലവിലെ വിലകളിലെ ജിഡിപി 47.22 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. 2019-20 ലെ രണ്ടാം പാദത്തില്‍ ഇത് 49.21 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2019-20 ലെ രണ്ടാം പാദത്തിലെ 5.9 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 4.0 ശതമാനം ചുരുങ്ങി. ജിഡിപി കണക്കാക്കലില്‍ കാര്‍ഷിക, സഹകരണ, കര്‍ഷകക്ഷേമ വകുപ്പില്‍ നിന്ന് ലഭിച്ച 2020-21 ലെ ഖാരിഫ് സീസണിലെ കാര്‍ഷിക ഉല്‍പാദനത്തിന്റെ കണക്കുകളും മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ലഭിച്ച കണക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.