
ന്യൂഡല്‍ഹി: 2022 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഇന്ത്യന്‍ ജിഡിപിയില്‍ വന്‍ കുതിപ്പുണ്ടാവുമെന്ന് പ്രവചനം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലാണ് വന്‍ കുതിപ്പുണ്ടാവുക. ജനങ്ങളുടെ ഉപഭോഗത്തിലുണ്ടാവുന്ന വര്‍ധനവാണ് ജിഡിപിയെ സ്വാധീനിക്കുക. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 20.1 ശതമാനം നിരക്കിലാവും ജിഡിപി വളരുക.
ദേശീയ സ്ഥിതിവിവരകണക്ക് മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 24.4 ശതമാനം ഇടിവുണ്ടായപ്പോഴാണ് 2022ല്‍ 20.1 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടാവുക. 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അടിസ്ഥാന വിലയെ അടിസ്ഥാനമാക്കിയുള്ള ജിവിഎ 30.48 ലക്ഷം കോടിയായിരിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 25.66 ലക്ഷം കോടിയായിരുന്നു. ജിവിഎയില്‍ 18.8 ശതമാനം വര്‍ധനയാണ് ഉണ്ടാവുക.
കോവിഡിന് ശേഷം 2021 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തിലാണ് രാജ്യത്ത് ജിഡിപിയില്‍ വീണ്ടും ഉയര്‍ച്ചയുണ്ടായത്. എന്നാല്‍, 2019ലെ നിലയിലേക്ക് ജിഡിപി എത്തിയിട്ടില്ല. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ജിഡിപിയില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും കോവിഡ് രണ്ടാം തരംഗവും പ്രാദേശിക ലോക്ഡൗണുകളും മൂലം രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും ദേശീയതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാത്തത് മുലം വലിയ തിരിച്ചടി സമ്പദ്‌വ്യവസ്ഥക്കുണ്ടാവില്ലെന്നും പ്രവചനമുണ്ട്.