
ന്യൂഡല്‍ഹി: ഇന്ത്യയുടെ വൈദ്യുതി വിതരണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. അഞ്ച് മാസത്തെ ഇടിവിന് ശേഷമാണ് ഫെബ്രുവരിയില്‍ 7.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ പുറത്ത് വിട്ട ഔദ്യോഗിക വിവരങ്ങളിലാണ് ഇത് വെളിപ്പെട്ടത്. വൈദ്യുതി വിതരണം ഫെബ്രുവരിയില്‍ പ്രതിദിനം ശരാശരി 3.62 ബില്യണ്‍ യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 3.38 ബില്യണ്‍ യൂണിറ്റായിരുന്നു. സര്‍ക്കാരിന്റെ പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (പോസോകോ) നിന്നുള്ള പ്രതിദിന ലോഡ് ഡെസ്പാച്ച് വിവരങ്ങളാണിത്.
ഫെഡറല്‍ പവര്‍ മിനിസ്ട്രിയുടെ ഒരു വിഭാഗമായ ഇന്ത്യയുടെ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി (സിഇഎ) ഈ മാസം അവസാനം ഊര്‍ജ്ജ ആവശ്യകതയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. പോസോകോ എല്ലാ ദിവസവും താല്‍ക്കാലിക ലോഡ് ഡെസ്പാച്ച് ഡാറ്റ പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിലെ വൈദ്യുതി കമ്മി നാമമാത്രമായതിനാല്‍ ഉയര്‍ന്ന വൈദ്യുതി വിതരണം, വൈദ്യുതി ആവശ്യകത വര്‍ദ്ധിക്കുന്നതിനെയാണ് അര്‍ത്ഥമാക്കുന്നത്. വ്യാവസായിക ഉല്‍പാദനത്തിന്റെ പ്രധാന സൂചകമായി സാമ്പത്തിക വിദഗ്ധര്‍ വൈദ്യുതി ആവശ്യകതയെ കാണുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ വാര്‍ഷിക വൈദ്യുതി ഉപഭോഗത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗം വ്യവസായ മേഖലയും നാലിലൊന്ന് ഭാഗം വസതികളും 8.5 ശതമാനം വാണിജ്യ സ്ഥാപനങ്ങളുമാണ് വിനിയോഗിക്കുന്നത്.
2019 ലെ ഇന്ത്യയുടെ വാര്‍ഷിക വൈദ്യുതി ആവശ്യം ആറുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയില്‍ വളര്‍ന്നിരുന്നു. വലിയ സാമ്പത്തിക മാന്ദ്യത്തിനിടയിലാണ് കാറുകള്‍ മുതലായ എല്ലാ വസ്തുക്കളുടെയും വില്‍പ്പന കുറഞ്ഞത്. ഇത് വാഹന മേഖല പോലുള്ള വന്‍കിട വ്യവസായങ്ങളെ വരെ ബാധിക്കുകയും അവര്‍ക്ക് ജോലികള്‍ വെട്ടിക്കുറക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയേണ്ടി വന്നിരുന്നു. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച ഡിസംബര്‍ പാദത്തില്‍ 4.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട വിവരമനുസരിച്ച്, ഉപഭോക്തൃ ആവശ്യവും സ്വകാര്യ നിക്ഷേപവും ദുര്‍ബലമായതിനാല്‍ 2013 ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വേഗതയിലാണ് സാമ്പത്തിക രംഗം നീങ്ങുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ മന്ദഗതിയില്‍ വളരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.