
ന്യൂഡല്‍ഹി: 2021 ജൂണില്‍ ഇന്ത്യയുടെ എഞ്ചിനീയറിംഗ് ചരക്ക് കയറ്റുമതി കഴിഞ്ഞ വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് 52.4 ശതമാനം ഉയര്‍ന്നു. കൊറോണയ്ക്ക് മുന്‍പുള്ള, 2019 ജൂണിനെ അപേക്ഷിച്ച് 41.9 ശതമാനം വളര്‍ച്ച ഈ വിഭാഗത്തിലെ കയറ്റുമതി രേഖപ്പെടുത്തി. എന്‍ജിനീയറിംഗ് കയറ്റുമതി 2019 ജൂണില്‍ 6.27 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇത് കൊറോണ ആദ്യ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ 2020 ജൂണില്‍ 5.84 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. എന്നില്‍ ഇത് 2021 ജൂണില്‍ 8.90 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
2021-22 ഏപ്രില്‍-ജൂണ്‍ കാലയളവിലെ മൊത്തം എന്‍ജിനീയറിംഗ് കയറ്റുമതി 24,772.6 മില്യണ്‍ ഡോളറായിരുന്നു. 2020-21 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ രേഖപ്പെടുത്തിയതിനെ അപേക്ഷിച്ച് 82 ശതമാനം വളര്‍ച്ചയാണിത്. 2019-20ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 24.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2019 ഏപ്രില്‍-ജൂണ്‍ മാസങ്ങളെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ കയറ്റുമതിയില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തിയ വിഭാഗങ്ങള്‍ ഇവയാണ്; ചെമ്പ്, ഉല്‍പ്പന്നങ്ങള്‍ (250.4 ശതമാനം); ഇരുമ്പും ഉരുക്കും (156.6 ശതമാനം); സിങ്ക്, ഉല്‍പ്പന്നങ്ങള്‍ (83.7 ശതമാനം); അലുമിനിയം, ഉല്‍പ്പന്നങ്ങള്‍ (69.9 ശതമാനം); ടിന്‍, ഉല്‍പ്പന്നങ്ങള്‍ (55.2 ശതമാനം); ഇരുചക്രവാഹനങ്ങള്‍ (46.6 ശതമാനം); ലെഡ്, ഉല്‍പ്പന്നങ്ങള്‍ (43.4 ശതമാനം); മറ്റ് നോണ്‍-ഫെറസ് ലോഹങ്ങള്‍ (33.1 ശതമാനം); പാല്‍, ഭക്ഷ്യ സംസ്‌കരണം, തുണിത്തരങ്ങള്‍ എന്നിവയ്ക്കുള്ള വ്യാവസായിക യന്ത്രങ്ങള്‍ (32 ശതമാനം) ; ഐസി എന്‍ജിിനുകളും ഭാഗങ്ങളും (22.1 ശതമാനം); ഓട്ടോ ഘടകങ്ങള്‍ (18.8 ശതമാനം).
2019-20ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓട്ടോമൊബൈല്‍ മേഖല ഇക്കഴിഞ്ഞ പാദത്തില്‍ 1.7 ശതമാനം വളര്‍ച്ചയാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയിരുന്നത്. 2020-21 ന്റെ ആദ്യ പാദവുമായി ബന്ധപ്പെട്ട്, ഈ വര്‍ഷത്തെ കയറ്റുമതി വളര്‍ച്ച 195 ശതമാനമാണ്. ഇരുചക്രവാഹനങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍, കാറുകള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ കയറ്റുമതി കുത്തനെ ഉയര്‍ന്നതാണ് ഇതിന് പ്രധാനമായും കാരണം.