
ന്യൂഡല്‍ഹി: പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ടെലകോം, ഫാര്‍മസ്യൂട്ടിക്കല്‍, വൈദ്യുതി തുടങ്ങിയ മേഖലകളിലാണ് പ്രത്യക്ഷ വിദേശ നിക്ഷപത്തില്‍ കുറവ് രേഖപ്പെടുത്തിയത്.ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ റിപ്പോര്‍ട്ടിലാണ് രാജ്യത്തേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ വന്‍ കുറവ് വന്നതായി ചൂണ്ടിക്കാണിക്കുന്നത്. ആറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പ്രത്യക്ഷ വിദേശ നിക്ഷേപത്തിലെ വരുമാനത്തില്‍ കുറവുണ്ടാകുന്നത്.
പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ ഒരു ശതമാനം ഇടിവുണ്ടായതായി കണക്കുകളിലൂടെ സൂചിപ്പിക്കുന്നുണ്ട്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്ക് പ്രത്യക്ഷ വിദേശ നിക്ഷേപമായി എത്തിയത് 44.4 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം 2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്ക് പ്രത്യക്ഷ വിദേശ നിക്ഷേപമായി ഒഴുകിയെത്തിയ 44.8 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്.
ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപം 56 ശതമാനം ഇടിവ് രേഖപ്പെടുത്തി 2.7 ബില്യണ്‍ ഡോളറിലേക്കെത്തി. ഫാര്‍മ്മസ്യൂട്ടിക്കല്‍ മേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ 74 ശതമാനം ഇടിവ് രേഖപ്പെടുത്തി 266 മില്യണ്‍ ഡോളറിലേക്കെത്തി. വൈദ്യുതി മേഖലയിലെ എഫ്ഡിഐയിലും വന്‍ കുറവാണ് 2018-20119 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2018-2019 സാമ്പത്തിക വര്‍ഷം വൈദ്യുതി മേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപം 1.1 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍വര്‍ഷം 1.62 ബില്യണ്‍ ഡോളറാണ് വൈദ്യുതി മേഖലയിലെ എഫ്ഡിഐയില്‍ രേഖപ്പെടുത്തിയത്.
അതേസമയം ചില മേഖലകളിലെ വിദേശ നിക്ഷേപത്തില്‍ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സേവന വിഭാഗത്തില്‍ 9.15 ബില്യണ്‍ ഡോളറും, കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഹാര്‍ഡ് വയര്‍ വിഭാഗത്തില്‍ 6.41 ബില്യണ്‍ ഡോളറും, വ്യാപാര മേഖലയില്‍ 4.46 ബില്യണ്‍ ഡോളറും പ്രത്യക്ഷ വിദേശ നിക്ഷേപമായി രാജ്യത്തേക്ക് ഒഴുകിയെത്തി.