
ന്യൂഡല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി 18.21 ലക്ഷം കോടി രൂപ. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 9.3 ശതമാനം വരുമിത്. ഫെബ്രുവരിയില്‍ നടന്ന കേന്ദ്ര ബജറ്റില്‍ ജിഡിപിയുടെ 9.5 ശതമാനമാണ് ധനമന്ത്രാലയം ധനക്കമ്മി കണക്കുകൂട്ടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ വരവ് ചെലവ് കണക്കുകളുടെ റിപ്പോര്‍ട്ടിലാണ് ധനക്കമ്മി പ്രവചിച്ചതിലും താഴെയാണെന്ന് സിജിഎ (കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ്) അറിയിച്ചത്. മാര്‍ച്ച് പാദത്തില്‍ ധനക്കമ്മി 7.42 ശതമാനം രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് പിടിമുറുക്കിയ 2020-21 കാലത്ത് 14.24 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനം. മൊത്തം ചെലവുകളാകട്ടെ, 35.11 ലക്ഷം കോടി രൂപയും.
നേരത്തെ, ഫെബ്രുവരിയില്‍ നടന്ന ബജറ്റ് പ്രസംഗത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനം അഥവാ 18,48,655 കോടി രൂപയായിരിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അപ്രതീക്ഷിത കോവിഡ് പ്രതിസന്ധി സമ്പദ്ഘടനയെ താറുമാറാക്കിയതാണ് ധനക്കമ്മി ഇത്രയേറെ ഉയരാന്‍ കാരണം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും മറ്റു കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിച്ചതും സര്‍ക്കാരിന്റെ നികുതി വരുമാനം കുറച്ചു; ഒപ്പം ചെലവുകളും കൂട്ടി.
കോവിഡ് മഹാമാരിക്ക് മുന്‍പ് ജിഡിപിയുടെ 3.5 ശതമാനം മാത്രമാണ് ധനക്കമ്മി സര്‍ക്കാര്‍ പ്രവചിച്ചിരുന്നത്. എന്തായാലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 18,21,461 കോടി രൂപ ധനക്കമ്മിയായി മാറുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 7.96 ലക്ഷം കോടി രൂപയിലേക്ക് ധനക്കമ്മി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനം വരുമിത്. 2019-20 കാലത്ത് ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 4.6 ശതമാനമായിരുന്നു. തിങ്കളാഴ്ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജിഡിപി കണക്കുകളും സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുകയാണ്.
എന്തായാലും നടപ്പു സാമ്പത്തിക വര്‍ഷം അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ മാറുമെന്ന് രാജ്യാന്തര നാണ്യനിധി (ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് - ഐഎംഎഫ്) പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ 12.5 ശതമാനം വളര്‍ച്ചാ നിരക്ക് ഐഎംഎഫ് കണക്കുകൂട്ടുന്നു. മഹാമാരി അലട്ടിയ 2020 വര്‍ഷം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയ ചൈന പോലും ഇക്കുറി ഇന്ത്യയ്ക്ക് പിന്നിലാവും. 2022 -ല്‍ 6.9 ശതമാനമായിരിക്കും ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയെന്നും വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര നാണ്യനിധി പറയുന്നു. പോയവര്‍ഷം 8 ശതമാനം ഇടിവ് ഇന്ത്യയുടെ ജിഡിപി നിരക്കില്‍ സംഭവിച്ചു. എന്നാല്‍ 2021 -ല്‍ ഇന്ത്യ ശക്തമായി തിരിച്ചെത്തുമെന്നാണ് ഐഎംഎഫിന്റെ നിരീക്ഷണം.