
2020 നവംബറില്‍ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) ഗണ്യമായ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട എഫ്ഡിഐ കണക്കുകള്‍ പ്രകാരം 2020 നവംബര്‍ മാസത്തില്‍ മൊത്തം എഫ്ഡിഐ 81 ശതമാനം വര്‍ധിച്ച് 10.15 ബില്യണ്‍ ഡോളറിലെത്തി. എഫ്ഡിഐ ഇക്വിറ്റി 8.5 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. 2019 നവംബറില്‍ ഇത് 2.8 ബില്യണ്‍ ഡോളറായിരുന്നു. 70 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2020 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ മൊത്തം എഫ്ഡിഐ നിക്ഷേപം 58.37 ബില്യണ്‍ ഡോളറാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇത് 2019-20 ലെ ആദ്യ എട്ട് മാസങ്ങളെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണ്. 2020-21ലെ (2020 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ) എഫ്ഡിഐ 43.85 ബില്യണ്‍ ഡോളറാണ്. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2019-20 ലെ ആദ്യ എട്ട് മാസവുമായി (32.11 ബില്യണ്‍ ഡോളര്‍) താരതമ്യപ്പെടുത്തുമ്പോള്‍ 37 ശതമാനം കൂടുതലാണ് ഇത്.
എഫ്ഡിഐ സാമ്പത്തിക വളര്‍ച്ചയുടെ ഒരു പ്രധാന ഘടകമാണ്. കൂടാതെ ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് നോണ്‍-ഡെറ്റ് ഫിനാന്‍സിന്റെ പ്രധാന ഉറവിടവുമാണ്. നിക്ഷേപക സൗഹാര്‍ദ്ദപരമായ എഫ്ഡിഐ നയം നടപ്പിലാക്കുകയെന്നത് സര്‍ക്കാരിന്റെ ശ്രമമാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. എഫ്ഡിഐ നയം കൂടുതല്‍ നിക്ഷേപക സൗഹാര്‍ദ്ദപരമാക്കുക, രാജ്യത്തേക്ക് നിക്ഷേപം ഒഴുകുന്നതിന് തടസ്സമാകുന്ന പോളിസി തടസ്സങ്ങള്‍ നീക്കുക എന്നിവയാണ് പ്രധാന ഉദ്ദേശ്യം. അതേസമയം എഫ്ഡിഐ നയപരിഷ്കാരങ്ങള്‍, ബിസിനസ്സ് എളുപ്പമാക്കല്‍ എന്നിവയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തേക്ക് വിദേശ നിക്ഷേപ വരവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി.