ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ ഇടിവ്; സ്ഥിതി ഗുരുതരമോ?

May 02, 2022 |
|
News

                  ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ ഇടിവ്; സ്ഥിതി ഗുരുതരമോ?

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ ഇടിവ്. ഏപ്രില്‍ 22 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതല്‍ ശേഖരം 3.27 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 600.42 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 15 ന് അവസാനിച്ച ആഴ്ചയില്‍ ഫോറെക്സ് കരുതല്‍ ശേഖരം 311 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 603.694 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഇതു തുടര്‍ച്ചയായി ഏഴാം തവണയാണ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഇടിയുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം രണ്ടു മാസത്തിനുള്ളില്‍ 30 ബില്യണ്‍ ഡോളറിലധിമാണ് ശേഖരത്തില്‍ നിന്നു തുടച്ചുനീക്കപ്പെട്ടത്. മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകങ്ങളായ ഫോറിന്‍ കറന്‍സി അസറ്റുകളിലും (എഫ്‌സിഎ), സ്വര്‍ണ കരുതല്‍ ശേഖരത്തിലും ഇടിവ് പ്രകടമാണ്. ഏപ്രില്‍ 22ന് അവസാനിച്ച ആഴ്ചയില്‍ എഫ്‌സിഎ 2.835 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 533.933 ബില്യണ്‍ ഡോളറിലെത്തി. വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഡോളര്‍ ഇതര ആസ്തികളുടെ മൂല്യത്തിലുണ്ടായ കയറ്റങ്ങളും ഇറക്കങ്ങളുമാണ് റിപ്പോര്‍ട്ടുകളില്‍ പ്രതിഫലിച്ചത്.

സ്വര്‍ണ ശേഖരം 377 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 42.768 ബില്യണ്‍ ഡോളറായി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്സ് (എസ്ഡിആര്‍) 33 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.662 ബില്യണ്‍ ഡോളറായെന്നും ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതല്‍ നില 26 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 5.060 ബില്യണ്‍ ഡോളറായി. ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരത്തിലേക്ക് 30 ബില്യണ്‍ ഡോളര്‍ ചേര്‍ക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുത്തിട്ടുണ്ട്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ തുക നഷ്ടപ്പെട്ടെന്നാണു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുദ്ധത്തെ തുടര്‍ന്നു രാജ്യാന്തര എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ശേഖരത്തെ വലിയതോതില്‍ ബാധിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എണ്ണ ആവശ്യകതയ്ക്ക് ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യയുടെ ഇറക്കുമതി ബില്ല് വലിയ തോതില്‍ ഉയര്‍ന്നു. ആവശ്യകതയുടെ ഏകദേശം 80 ശതമാനത്തിനു മുകളില്‍ ഇറക്കുമതിയെ ആണ് രാജ്യം ആശ്രയിക്കുന്നത്. ഇതു രൂപയുടെ മേലുള്ള സമ്മര്‍ദം വര്‍ധിപ്പിച്ചു. ഇക്കാലയളവില്‍ ഡോളര്‍ കരുത്താര്‍ജിച്ചതും തിരിച്ചടിയായി. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് തടയാന്‍ ഡോളര്‍ വലിയ തോതില്‍ വിറ്റഴിച്ചതാണ് ശേഖരത്തില്‍ വിള്ളലുണ്ടാക്കിയത്. യുഎസ് പണപ്പെരുപ്പത്തില്‍ കുതിച്ചുചാട്ടത്തിനും ബോണ്ട് യീല്‍ഡുകള്‍ക്കും ഇടയില്‍ മറ്റു പ്രധാന വിദേശ കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം വര്‍ധിച്ചതും, ഫെഡറല്‍ നിരക്ക് വര്‍ധനയില്‍ ആക്രമണാത്മക നിലപാട് സ്വീകരിക്കുമെന്നു വ്യക്തമാക്കിയതും രൂപയ്ക്കു വെല്ലുവിളി തന്നെയാണ്.

Related Articles

© 2025 Financial Views. All Rights Reserved