ഇന്ത്യയുടെ വിദേശനാണ്യശേഖരം 4.23 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 597.509 ബില്യണ്‍ ഡോളറായി

May 28, 2022 |
|
News

                  ഇന്ത്യയുടെ വിദേശനാണ്യശേഖരം 4.23 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 597.509 ബില്യണ്‍ ഡോളറായി

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം 4.23 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 597.509 ബില്യണ്‍ ഡോളറായെന്ന് ആര്‍ബിഐ. മെയ് 20 വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണിത്. മെയ് 13ന് രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം 2.676 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 593.279 ബില്യണ്‍ ഡോളറിലെത്തിയെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

വിദേശ നാണ്യ ആസ്തികളുടെ (എഫ്സിഎ) വളര്‍ച്ചയാണ് ഇതിനു പ്രധാന കാരണമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എഫ്സിഎ കഴിഞ്ഞ വാരം 3.825 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 533.378 ബില്യണ്‍ ഡോളറായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോളറിന് പുറമേ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ വിദേശ കറന്‍സികളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്.

രാജ്യത്തെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 253 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 40.823 ബില്യണ്‍ ഡോളറായി. അന്താരാഷ്ട്ര നാണ്യ നിധിയുമായുള്ള (ഐഎംഎഫ്) എസ് ഡി ആര്‍ (സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ്) 102 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 18.306 ബില്യണ്‍ ഡോളറായെന്നും ആര്‍ബിഐ വ്യക്തമാക്കി. അന്താരാഷ്ട്ര നാണ്യ നിധിയിലെ ഇന്ത്യയുടെ റിസര്‍വ് സ്ഥാനം 51 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 5.002 ബില്യണ്‍ ഡോളറായെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved