റെക്കോര്‍ഡ് നേട്ടം; ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 633.558 ബില്യണ്‍ ഡോളറായി

September 04, 2021 |
|
News

                  റെക്കോര്‍ഡ് നേട്ടം; ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 633.558 ബില്യണ്‍ ഡോളറായി

മുംബൈ: ഓഗസ്റ്റ് 27 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 16.663 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 633.558 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. പ്രധാനമായും സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) ഹോള്‍ഡിംഗുകളുടെ വര്‍ദ്ധനവ് കാരണമാണിതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

2021 ഓഗസ്റ്റ് 23 ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 12.57 ബില്യണ്‍ ഡോളര്‍ (ഏറ്റവും പുതിയ വിനിമയ നിരക്കില്‍ ഏകദേശം 17.86 ബില്യണ്‍ ഡോളറിന് തുല്യമാണ്) എസ്ഡിആര്‍ ഇന്ത്യയ്ക്ക് അനുവദിച്ചതായി സെപ്റ്റംബര്‍ ഒന്നിന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഒരു രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ ഭാഗമാണ് എസ്ഡിആര്‍ ഹോള്‍ഡിംഗുകള്‍. ഐഎംഎഫ് അതിന്റെ അംഗങ്ങള്‍ക്ക് ഫണ്ടിലെ നിലവിലുള്ള ക്വാട്ടയ്ക്ക് ആനുപാതികമായി പൊതു എസ്ഡിആര്‍ വിഹിതം നല്‍കുന്നു.

2021 ഓഗസ്റ്റ് 27 ന് അവസാനിച്ച റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ രാജ്യത്തെ എസ്ഡിആര്‍ വിഹിതം 17.866 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 19.407 ബില്യണ്‍ ഡോളറിലെത്തി. മൊത്തം കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികള്‍ (എഫ്‌സിഎ) റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ 1.409 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 571.6 ബില്യണ്‍ ഡോളറായി.

ഡോളര്‍ അടിസ്ഥാനത്തില്‍ പ്രകടിപ്പിക്കുന്ന വിദേശ കറന്‍സി ആസ്തികളില്‍, വിദേശ വിനിമയ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ വിലമതിപ്പ് അല്ലെങ്കില്‍ മൂല്യത്തകര്‍ച്ചയുടെ ഫലം കൂടി ഉള്‍പ്പെടുന്നു. സ്വര്‍ണ്ണ ശേഖരം 192 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 37.441 ബില്യണ്‍ ഡോളറിലെത്തി.

Related Articles

© 2024 Financial Views. All Rights Reserved