തൊഴില്‍ സൃഷ്ടി കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തി

March 23, 2021 |
|
News

                  തൊഴില്‍ സൃഷ്ടി കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തി

ന്യൂഡല്‍ഹി: ഏറ്റവും പുതിയ ഇപിഎഫ്ഒ ഡാറ്റ പ്രകാരം ഇന്ത്യയിലെ തൊഴില്‍ സൃഷ്ടി ഒടുവില്‍ പ്രീ-കോവിഡ് തലത്തിലേക്ക് തിരിച്ചെത്തി. 2021 ജനുവരിയില്‍, വ്യത്യസ്ത പ്രായപരിധികളിലായി 13.35 ലക്ഷം പുതിയ തൊഴിലാളികളെയാണ് ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പ്രതിമാസ ഡാറ്റ പുറത്തിറക്കാന്‍ തുടങ്ങിയ 2017 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നെറ്റ് എന്റോള്‍മെന്റാണ്.

ജനുവരിയില്‍ 22-25 വയസ്സ് പ്രായമുള്ളവരുടെ വിഭാഗം 3.48 ലക്ഷത്തിന്റെ അറ്റ കൂട്ടിച്ചേര്‍ക്കവുമായി ല്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രായത്തിലുള്ളവരെ തൊഴില്‍ വിപണിയിലെ പുതിയവരായി കണക്കാക്കാം. 29-35 വയസ്സ് പ്രായ വിഭാഗത്തില്‍ 2.69 ലക്ഷം അറ്റ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ട്, ഇത് കരിയര്‍ വളര്‍ച്ചയ്ക്കായി ജോലി മാറി ഇപിഎഫ്ഒയില്‍ എത്തിയ പരിചയസമ്പന്നരായ തൊഴിലാളികളുടെ വിഭാഗമായി കാണാന്‍ കഴിയും. 18-21 പ്രായപരിധിയിലെ 2.66 ലക്ഷം അറ്റ കൂട്ടിച്ചേര്‍ക്കലാണ് ഇതിന് പിന്നിലായി ഉള്ളത്. 35 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ 2.6 ലക്ഷം വരിക്കാരെയാണ് ജനുവരിയില്‍ ഇപിഎഫ്ഒയില്‍ കൂട്ടിച്ചേര്‍ത്തത്.   

മഹാമാരിക്ക് ശേഷം ഇന്ത്യയിലെ തൊഴില്‍ സാഹചര്യങ്ങളില്‍ ഉണ്ടായിട്ടുള്ള പുരോഗതിയെ ഏറ്റവും പുതിയ സംഖ്യകള്‍ സൂചിപ്പിക്കുന്നു. 2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തൊഴിലില്ലായ്മാ നിരക്ക് 20 ശതമാനത്തിലധികം ഉയരുകയും 5 ലക്ഷത്തിലധികം തൊഴിലുകള്‍ നഷ്ടപ്പെട്ടുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലെ പേറോള്‍ നമ്പര്‍ 2020 ഡിസംബറിനേക്കാള്‍ പ്രതിമാസം 24 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2020 ജനുവരിയെ അപേക്ഷിച്ച് ഇത് 27.8 ശതമാനം മെച്ചപ്പെടുത്തലാണ്.

ജനുവരിയില്‍ ചേര്‍ക്കപ്പെട്ട 13.35 ലക്ഷം അറ്റ വരിക്കാരില്‍, ഏകദേശം 8.20 ലക്ഷം പേര്‍ ആദ്യമായി ഇപിഎഫ്ഒയുടെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നവരാണ്. ഏകദേശം 5.16 ലക്ഷം നെറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ ഒരിക്കല്‍ പുറത്തുകടന്ന് ഇപിഎഫ്ഒയില്‍ വീണ്ടും ചേര്‍ന്നവരാണ്. ജീവനക്കാരുടെ തൊഴില്‍മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.   

നടപ്പുസാമ്പത്തിക വര്‍ഷം ജനുവരി വരെ 62.49 ലക്ഷത്തിന്റെ അറ്റ കൂട്ടിച്ചേര്‍ക്കലാണ് ഇപിഎഫ്ഒയിലെ വരിക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് 34.24 ലക്ഷം പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ജനുവരി മാസത്തില്‍ ഇപിഎഫ്ഒയിലെ സ്ത്രീകളുടെ അറ്റ കൂട്ടിച്ചേര്‍ക്കല്‍ 2.61 ലക്ഷമാണ്. ഡിസംബറിനേക്കാള്‍ ഏകദേശം 30 ശതമാനം വര്‍ധന. ശമ്പള ഡാറ്റ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ളതാണ്.

Read more topics: # EPFO, # ഇപിഎഫ്ഒ,

Related Articles

© 2025 Financial Views. All Rights Reserved