
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധികളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് ധനവകുപ്പ്മന്ത്രി തോമസ് ഐസക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ മോശമായത് കേരളത്തെ സാരമായി തന്നെ ബാധിച്ചു.മോശം സാമ്പത്തികാവസ്ഥയിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് സമ്മതിച്ചുകൊണ്ടാണ് ധനവകുപ്പമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.വലിയ പ്രതീക്ഷയോടെ നടപ്പാക്കിയ ജിഎസ്ടിയിലെ കോട്ടങ്ങള്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി.ഉപഭോക്തൃസംസ്ഥാനമായിട്ടും ജിഎസ്ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജിഎസ്ടി നിരക്കുകള്‍ വെട്ടിക്കുറച്ചത് കേരളത്തിന് വലിയ തിരിച്ചടിയായി. നികുതി വരുമാനം 10113 കോടിരൂപ കുറയുമെന്നും ഐസക് പ്രവചിച്ചു. റവന്യൂവരവ് 99042 കോടിരൂപയാണ്. റവന്യൂചെലവ് 116516 കോടിരൂപയുമാണ്. റവന്യൂകമ്മി 17476 കോടിരൂപ അതായത് 1.55% ആണെന്നും ധനക്കമ്മി മൂന്ന് ശതമാനം ആണെന്നും ബജറ്റില്‍ മന്ത്രി വ്യക്തമാക്കി.അതേസമയം കിഫ്ബിയിലൂടെ മാന്ദ്യം അതിജീവിക്കാന്‍ കേരളത്തിന് സാധിക്കും. സാമ്പത്തിക മാന്ദ്യം അതിജീവിക്കാന്‍ ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബിയെ കുറ്റപ്പെടുത്തിയവര്‍ ഇന്ന് കിഫ്ബി പദ്ധതികള്‍ക്കായി കൊതിക്കുന്നു. കിഫ്ബിയെ സംശയിച്ചിരുന്നവരെ മസാല ബോണ്ട ്‌നിശബ്ദരാക്കിയെന്നും മന്ത്രി പറഞ്ഞു. വരും വര്‍ഷം കിഫ്ബി ഇരുപതിനായിരം കോടിയുടെ പദ്ധതികള്‍ നടപ്പാക്കും. രാജ്യത്തെ തന്നെ ഏറ്റവും വലിയസാമ്പത്തിക ഉത്തേജന പദ്ധതിയാണ് കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ മാന്ദ്യം നേരിടാനായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
1500 കോടിരൂപയുടെ അധിക ചെലവ് ഒഴിവാക്കും. അത്യാവശ്യ വിദേശയാത്രകള്‍ തുടരും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് ഇനി സ്വന്തം വാഹനം വാങ്ങില്ല. കാറുകള്‍ വാടകയ്ക്ക് എടുത്ത് ചെലവ് ചുരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജനക്ഷേമ പദ്ധതികള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ചിട്ടില്ലെന്നതും ഈ ബജറ്റിന്റെ പ്രത്യേകതയാണ്. സ്ത്രീസൗഹൃദ പദ്ധതികള്‍ക്കും കുടുംബശ്രീ മിഷനും വേണ്ടി തുക വകയിരുത്തിയ ബജറ്റ് റിയല്‍എസ്റ്റേറ്റ് മേഖലയ്ക്ക് പക്ഷെ തിരിച്ചടിയായേക്കും. ഭൂനികുതി കെട്ടിട നികുതി എന്നിവ വന്‍തോതിലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ മൂല്യം ബജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്. കശുവണ്ടി മേഖലയുടെ പുനരുദ്ധാരണമായിരിക്കും പുതിയ സാമ്പത്തിക മേഖലയെന്ന് ധനമന്ത്രി പറഞ്ഞു.