
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നേരത്തെ കണക്കാക്കിയിരുന്നതില്‍ നിന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 5.4 ശതമാനമായി കുറഞ്ഞെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇപ്പോഴും ഇന്ത്യയുടെ ജിഡിപി മെച്ചപ്പെട്ട വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കാലയളവില്‍ ചൈനയുടെ ജിഡിപി 4 ശതമാനം വികസനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 20.3 ശതമാനവും ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 8.5 ശതമാനവുമായിരുന്നു. എന്‍എസ്ഒ പുറത്തിറക്കിയ ദേശീയ അക്കൗണ്ടുകളുടെ കണക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ വ്യക്തമാക്കുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വളര്‍ച്ച 8.9 ശതമാനമാണ്. മുന്‍ വര്‍ഷം ജനുവരിയില്‍ പുറത്തുവിട്ട ആദ്യ മുന്‍കൂര്‍ എസ്റ്റിമേറ്റ് പ്രകാരം ഇത് 9.2 ശതമാനമാണെന്ന് കണക്കാക്കിയിരുന്നു.
കൂടാതെ, കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2020-21), എന്‍എസ്ഒ അതിന്റെ കുറഞ്ഞ ജിഡിപി എസ്റ്റിമേറ്റ് പുതുക്കി 6.6 ശതമാനമാക്കിയിരുന്നു. നേരത്തെ, 7.3 ശതമാനമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2020 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 23.8 ശതമാനവും 2020 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 6.6 ശതമാനവും ചുരുങ്ങുകയുണ്ടായി.
2022 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ പ്രതികൂല സാഹചര്യങ്ങള്‍ വളര്‍ച്ച കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, എന്‍എസ്ഓ യുടെ പ്രാഥമിക കണക്കുകള്‍ പ്രതീക്ഷകള്‍ക്ക് വളരെ താഴെയാണ് ജിഡിപി നിരക്ക്. (6.2 ശതമാനം). തെക്കന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയും വളര്‍ച്ച കുറയുന്നതിനു കാരണമായി. ഇക്രയുടെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു. സ്ഥിര വിലയില്‍ (2011-12) 2021-22 മൂന്നാം പാദത്തില്‍ ജിഡിപി 38.22 ലക്ഷം കോടി രൂപയാണ് കണക്കാക്കിയത്. കഴിഞ്ഞ വര്‍ഷം (2020-21) മൂന്നാം പാദത്തില്‍ ഇത് 36.26 ലക്ഷം കോടി രൂപയായിരുന്നു. 5.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത് പ്രകാരം, യഥാര്‍ത്ഥ ജിഡിപി അല്ലെങ്കില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം സ്ഥിര (2011-12) വിലകളില്‍ 2021-22 ല്‍ 147.72 ലക്ഷം കോടി രൂപയെന്ന നിലയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. 2022 ജനുവരി 31-ന് റിലീസ് ചെയ്ത കണക്കുകള്‍ പ്രകാരം 2020-21 സാമ്പത്തിക വര്‍ഷം ജിഡിപി, 135.58 ലക്ഷം കോടി രൂപയായിരിക്കുമെന്ന് എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നു. 2020-21ല്‍ 6.6 ശതമാനത്തിന്റെ സാമ്പത്തിക ചുരുങ്ങലിനെതിരെ 2021-22 ലെ ജിഡിപി വളര്‍ച്ച 8.9 ശതമാനമായി കണക്കാക്കുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, നടപ്പു സാമ്പത്തിക വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ജിഡിപി 38,22,159 കോടി രൂപയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 36,22,220 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.