ഇന്ത്യ ജിഡിപി കണക്ക് കൂട്ടുന്ന രീതിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളെന്ന് ഗീതാ ഗോപിനാഥ്

April 12, 2019 |
|
News

                  ഇന്ത്യ ജിഡിപി കണക്ക് കൂട്ടുന്ന രീതിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളെന്ന് ഗീതാ ഗോപിനാഥ്

ഇന്ത്യയുടെ ജിഡിപി നിരക്ക് കണക്ക് കൂട്ടുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് അഭിപ്രായപ്പെടുന്നു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ളവര്‍ ജീഡിപി നിരക്ക് കണക്ക് കൂട്ടുന്ന രീതിയെ നിശിതമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇന്ത്യ പുറത്തുവിടുന്ന ജിഡിപി നിരക്ക് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) സൂക്ഷ്മ നിരീക്ഷണം നടത്തി വരികയാണെന്നാണ് ഗീതാ ഗോപിനാഥ് പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. 

2015ല്‍ ഇന്ത്യ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. എന്നാല്‍ ഐഎംഎഫിന് ഇന്ത്യ ജിഡിപി അളക്കാനുപയോഗിക്കുന്ന ശാസ്ത്രീയ രീതിയെ പറ്റി ഇനിയും വ്യക്തത വന്നിട്ടില്ല. ഈ ആശങ്ക പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്നും ഗീതാഗോപിനാഥ് ആവശ്യപ്പെട്ടു. ജിഡിപി കണക്ക് കൂട്ടുന്ന അടിസ്ഥാന വര്‍ഷം മാറ്റിയത് നല്ല കാര്യം തന്നെ. അതേസമയം  ജീഡിപി കാല്‍ക്കുലേറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഡിഫ്‌ളേറ്റര്‍ സംബന്ധിച്ച് ഐഎംഫിന് ആശങ്കയുമുണ്ട്. ഡിഫ്‌ളേറ്റര്‍ നാണയപെരുപ്പം അളക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണെന്നും ഗീതാ ഗോപിനാഥ് ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യ അതിവേഗം വളരുന്ന രാജ്യമെന്ന നിലക്ക് പുതിയ ശാസ്ത്രീയ രീതികള്‍ ജിഡിപി നിരക്ക് കണക്ക് കൂട്ടുന്നതിന് ഉപയോഗിക്കണമെന്നാണ് ഐഎംഎഫ് നിര്‍ദേശം നല്‍കുന്നത്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനടക്കം നേരത്തെ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ 7 ശതമാനം വളര്‍ച്ച നേടിയിട്ടും തൊഴില്‍ പ്രതിസന്ധി രൂക്ഷമാണെന്നാണ് രഘുരാം രാജന്‍ വിലയിരുത്തുന്നത്. 108 സാമ്പത്തിക വിഗദഗ്ധരടക്കം ഇന്ത്യയുടെ ജിഡിപി നിരക്കിനെ പറ്റി വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്. 

 

Related Articles

© 2025 Financial Views. All Rights Reserved