
സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ വില മുന്നേറുമ്പോഴും രാജ്യത്തെ സ്വര്‍ണ ഡിമാന്‍ഡ് കുറയുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 70 ശതമാനം ഇടിവാണ് ഉണ്ടായത്. മൂല്യത്തിന്റെ കാര്യത്തില്‍ 57 ശതമാനം ഇടിവും ഉണ്ടായതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 11 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഡിമാന്‍ഡ് താഴ്ചയാണിത്.
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 63.7 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് വിറ്റു പോയത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 213.2 ടണ്‍ സ്വര്‍ണ വില്‍പ്പന നടന്നിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 62420 കോടി രൂപയുടെ വില്‍പ്പന നടന്നപ്പോള്‍ ഈ വര്‍ഷം നടന്നത് 26000 കോടി രൂപയുടെ വില്‍പ്പന മാത്രം.
സ്വര്‍ണാഭരണ വില്‍പ്പനയുടെ കാര്യത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. 42 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് ഈ വര്‍ഷം വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 168.6 ടണ്ണായിരുന്നു. 74 ശതമാനം കുറവ്. 18350 കോടി രൂപയുടെ വില്‍പ്പനയാണ് കഴിഞ്ഞ മൂന്നു മാസത്തില്‍ നടന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 49380 കോടി രൂപയെ അപേക്ഷിച്ച് 63 ശതമാനത്തിന്റെ കുറവ്. സ്വര്‍ണത്തിലെ നിക്ഷേപവും കുറഞ്ഞിട്ടുണ്ട്. 8250 കോടി രൂപയുടെ സ്വര്‍ണമാണ് വിവിധ നിക്ഷേപങ്ങളിലായി നടന്നത്. ലോക്ക്ഡൗണും ഉയര്‍ന്ന വിലയുമാണ് സ്വര്‍ണ വില്‍പ്പനയെ ബാധിച്ചത്. പവന് 40000 രൂപയോളമാണ് വിപണിയില്‍ സ്വര്‍ണത്തിന്റെ വില.