സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്; വ്യാപാര കമ്മിയും കുറഞ്ഞു

March 23, 2021 |
|
News

                  സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്;  വ്യാപാര കമ്മിയും കുറഞ്ഞു

രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ ഇടിവ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ 3.3 ശതമാനം ഇടിവാണുണ്ടായത്. ഇതോടെ 26.11 ശതകോടി ഡോളറിന്റെ ഇറക്കുമതിയാണ് ഈ കാലയളവില്‍ നടന്നത്. സ്വര്‍ണ ഇറക്കുമതി കുറഞ്ഞത് രാജ്യത്തെ വ്യാപാര കമ്മി കുറയാനും കാരണമായെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

2019-20 ഏപ്രില്‍-ഫെബ്രുവരി മാസങ്ങളില്‍ 27 ശതകോടി ഡോളറിന്റെ ഇറക്കുമതിയാണ് ഇന്ത്യയിലേക്ക് ഉണ്ടായിരുന്നത്. സ്വര്‍ണ ഇറക്കുമതിയിലുണ്ടായ ഇടിവ് നടപ്പു സാമ്പത്തിക വര്‍ഷത്തെ 11 മാസത്തിനിടെ രാജ്യത്തിന്റെ വ്യാപാരക്കമ്മി 84.62 ശതകോടി ഡോളറായി കുറയാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം ഇത് 151.37 ശതകോടി ഡോളറായിരുന്നു.

അതേസമയം ഫെബ്രുവരി മാസത്തില്‍ സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചിട്ടുണ്ട്. 5.3 ശതകോടി ഡോളറിന്റെ സ്വര്‍ണമാണ് കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 2.36 ശതകോടി ഡോളറിന്റെ സ്വര്‍ണമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. കഴിഞ്ഞ 11 മാസത്തിനിടയില്‍ വെള്ളി ഇറക്കുമതിയില്‍ 70.3 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ട്. 780.75 ദശലക്ഷം ഡോളറിന്റെ വെള്ളിയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.

ലോകത്ത് സ്വര്‍ണ ഇറക്കുമതിയില്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ജനതയ്ക്കിടയില്‍ സ്വര്‍ണത്തിനോടുള്ള അടുപ്പം വലുതാണ്. പ്രധാനമായും ആഭരണ മേഖലയിലാണ് സ്വര്‍ണം ഉപയോഗിക്കുന്നത്. ഏകദേശം 800-900 ടണ്‍ സ്വര്‍ണമാണ് ഓരോ വര്‍ഷവും രാജ്യത്ത് എത്തുന്നത്. ജെംസ് ആന്‍ഡ് ജൂവല്‍റി കയറ്റുമതിയും നടപ്പ് സാമ്പത്തിക വര്‍ഷം കുറഞ്ഞിട്ടുണ്ട്. 22.40 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 33.86 ശതമാനം കുറവാണിത്.

Related Articles

© 2024 Financial Views. All Rights Reserved