ലോക്ക്ഡൗണിനെ കാറ്റില്‍ പറത്തി ഇന്ത്യാക്കാര്‍; പട്ടം വില്‍പ്പന പൊടിപൊടിച്ചു

September 04, 2020 |
|
News

                  ലോക്ക്ഡൗണിനെ കാറ്റില്‍ പറത്തി ഇന്ത്യാക്കാര്‍; പട്ടം വില്‍പ്പന പൊടിപൊടിച്ചു

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് വീടുകളില്‍ അകപ്പെട്ട ഇന്ത്യാക്കാര്‍ പട്ടം പറത്തുകയായിരുന്നു. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും സംഗതി അങ്ങനെയല്ലെന്നാണ് വിപണിയില്‍ പട്ടത്തിനുണ്ടായ ഡിമാന്റ് കണ്ടാല്‍ മനസിലാവുക. കൊവിഡ് കാലത്ത് അപ്രതീക്ഷിത മുന്നേറ്റമാണ് രാജ്യത്തെ പട്ടം വിപണി നേടിയത്.

രാജ്യത്ത് പട്ടം വിപണി സ്വതവേ സീസണലാണ്. മകര സംക്രമത്തോടനുബന്ധിച്ച് ജനുവരി മാസങ്ങളിലാണ് വിപണിയില്‍ മുന്നേറ്റമുണ്ടാകാറുള്ളത്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ വില്‍പ്പന തീരെ കുറയുന്നതാണ് സ്ഥിതി. എന്നാല്‍ ഇക്കുറി വന്‍ ഡിമാന്റാണ് ഉണ്ടായത്.

കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 25 നാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സ്‌കൂള്‍ മുടങ്ങിയതോടെ വീടുകളില്‍ കുടുങ്ങിയ കുട്ടികള്‍ പട്ടം പറത്താന്‍ തീരുമാനിച്ചതാണ് നേട്ടമായത്. 85 ദശലക്ഷം ഡോളറിന്റെ വ്യാപ്തിയാണ് ഇന്ത്യയിലെ പട്ടം വിപണിക്കുള്ളത് എന്നാണ് കരുതുന്നത്. ഇതിന്റെ സിംഹഭാഗവും ആഭ്യന്തര വില്‍പ്പനയാണ്.

കടലാസുപയോഗിച്ച് നിര്‍മ്മിക്കുന്ന സാധാരണ പട്ടത്തിന്റെ വില പത്ത് രൂപ മുതല്‍ 20 രൂപ വരെയാണ്. കൊവിഡ് കാലത്ത് ചെറുപട്ടണങ്ങളിലാണ് കൂടുതല്‍ ഡിമാന്റുണ്ടായത്. അതേസമയം പട്ടം പറത്തല്‍ കൊവിഡ് കാലത്ത് ചില വന്‍ നഗരങ്ങളില്‍ നിരോധിച്ചതാണ്. ടെറസിലേക്ക് പട്ടം പറത്താന്‍ കുട്ടികള്‍ വരുമ്പോള്‍ സമ്പര്‍ക്കം ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

Related Articles

© 2025 Financial Views. All Rights Reserved