
ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍, തുടര്‍ച്ചയായ ഏഴാം മാസത്തിലും ഇന്ത്യയുടെ ഫാക്റ്ററി പ്രവര്‍ത്തനങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തി. ശക്തമായ ഡിമാന്‍ഡും വര്‍ധിച്ച ഉല്‍പാദനവും ആണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. ഇതിനൊപ്പം ഇന്‍പുട്ട് ചെലവുകളിലെ വളര്‍ച്ച 32 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഐഎച്ച്എസ് മാര്‍ക്കിറ്റ് തയാറാക്കിയ നിക്കി മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍സ് ഇന്‍ഡെക്‌സ് ഫെബ്രുവരിയില്‍ 57.5 ആണ്. ജനുവരിയില്‍ രേഖപ്പെടുത്തിയ 57.7 ല്‍ നിന്ന് ഇത് നേരിയ കുറവാണ്. സൂചികയില്‍ 50 നു മുകളിലുള്ള നില വികാസത്തെയും അതിനു താഴെയുള്ളത് സങ്കോചത്തെയും കാണിക്കുന്നു.
കഴിഞ്ഞ മാസം ഉല്‍പ്പാദനവും പുതിയ ഓര്‍ഡറുകളും കുത്തനെ ഉയര്‍ന്നുവെന്ന് ഉപസൂചികകള്‍ വ്യക്തമാക്കുന്നു ''ഫെബ്രുവരിയില്‍ ഇന്ത്യന്‍ ചരക്ക് നിര്‍മാതാക്കള്‍ പുതിയ ഓര്‍ഡറുകളുടെ ആരോഗ്യകരമായ ഒഴുക്ക് റിപ്പോര്‍ട്ട് ചെയ്തു, ഇത് ഉല്‍പ്പാദനത്തിലും വാങ്ങലുകളുടെ അളവിലും കൂടുതല്‍ ഉയര്‍ച്ചയ്ക്ക് കാരണമായി,'' ഐഎച്ച്എസ് മാര്‍ക്കിറ്റിലെ ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ രണ്ട് പാദങ്ങളിലെ സങ്കോചത്തിന് ശേഷം ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ വളര്‍ച്ചയിലേക്ക് തിരിച്ചെത്തി. 0.4 ശതമാനം വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കൈവരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊറോണ വൈറസ് മൂലം ജോലിസ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ഫെബ്രുവരിയിലും സ്ഥാപനങ്ങള്‍ ജോലികള്‍ വെട്ടിക്കുറച്ചു. എന്നാല്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് മിതമായ വേഗതയില്‍ ആയിരുന്നു ഇത്. ഒരു ദശാബ്ദത്തിനിടെ ഉള്ള ഏറ്റവും ഉയര്‍ന്ന വേഗതയിലാണ് അസംസ്‌കൃത വസ്തുക്കളുടെ വാങ്ങല്‍ വര്‍ദ്ധിച്ചത്.
കമ്പനികള്‍ ഭാവിയിലെ ക്ഷാമം നേരിടുന്നതിനും ഉയര്‍ന്ന ഉല്‍പാദന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി കൂടുതല്‍ വാങ്ങല്‍ നടത്തുകയായിരുന്നു. അസംസ്‌കൃത വസ്തുക്കള്‍ക്കും സെമി-ഫിനിഷ്ഡ് ഇനങ്ങള്‍ക്കുമുള്ള ശക്തമായ ആവശ്യകതയ്‌ക്കൊപ്പം കോവിഡ് 19 വിതരണ ശൃംഖലയില്‍ സൃഷ്ടിച്ച തടസ്സങ്ങള്‍ കൂടിച്ചേര്‍ന്നതോടെ, ഇന്‍പുട്ട് ചെലവുകളില്‍ 2018 പകുതി മുതലുള്ള കാലയളവിലെ ഏറ്റവും വലിയ വിലക്കയറ്റം ഉണ്ടായി. ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ചില കമ്പനികള്‍ ഉല്‍പ്പന്ന വില വര്‍ധിപ്പിച്ചെങ്കിലും ജനുവരിയിലെ കണക്കുകളുമായും ഇന്‍പുട്ട് ചെലവുകളിലുണ്ടായ വര്‍ധനയുമായും താരതമ്യം ചെയ്യുമ്പോള്‍ ഇത് താഴ്ന്ന നിലയിലായിരുന്നു.