
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് തിരികെ പോയ അതിഥി തൊഴിലാളികള്‍ നഗരങ്ങളിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ ഫലം. 4,835 വീടുകളില്‍ നടത്തിയ സര്‍വേയിലാണ് മൂന്നില്‍ രണ്ട് ഭാഗവും ഒന്നുകില്‍ നഗരത്തിലേക്ക് തിരിച്ചെത്തിയെന്നോ അല്ലെങ്കില്‍ തിരികെ പോകാന്‍ ആഗ്രഹിക്കുന്നുവെന്നോ കണ്ടെത്തിയിരിക്കുന്നത്.
അഗ ഖാന്‍ റൂറല്‍ സപ്പോര്‍ട്ട് പ്രോഗ്രാം (ഇന്ത്യ), ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാം, ഗ്രാമീണ്‍ സഹാറ, ഐ-സാക്ഷം, പ്രധാന്‍, സാതി-യുപി, തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളുമാണ് സര്‍വേ നടത്തിയത്. 11 സംസ്ഥാനങ്ങളിലെ 48 ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. ജൂണ്‍ 24 മുതല്‍ ജൂലൈ എട്ട് വരെയാണ് ഇത് നടത്തിയത്. സ്ഥാപനങ്ങളുടെ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ്.
സ്വന്തം വീട്ടിലേക്ക് മടങ്ങിയവരില്‍ 29 ശതമാനം പേരും തിരികെ നഗരത്തിലെത്തി. 45 ശതമാനം പേര്‍ തിരികെ പോകാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് സര്‍വേ ഫലം. സ്വന്തം നാട്ടിലേക്ക് തിരികെ എത്തിയ പലര്‍ക്കും തങ്ങളുടെ ശേഷിക്കനുസരിച്ചുള്ള ജോലി ലഭിച്ചിട്ടില്ല. 25 ശതമാനത്തോളം കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ അയക്കേണ്ടെന്ന ആലോചനയിലാണ്. 43 ശതമാനം കുടുംബങ്ങളില്‍ ഇപ്പോഴും ഭക്ഷണം കുറച്ചിരിക്കുകയാണ്. 55 ശതമാനം പേര്‍ വിഭവങ്ങളും കുറച്ചെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു.