
ന്യൂഡല്‍ഹി: ഇന്ധന ആവശ്യകതയില്‍ തുടര്‍ച്ചയായ കുറവുണ്ടായതിനെത്തുടര്‍ന്ന് 2011 ഒക്ടോബറിന് ശേഷം ഇന്ത്യയിലെ എണ്ണ ഇറക്കുമതി മെയ് മാസത്തില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തി. സംഭരണശക്തിയില്‍ കുറവുണ്ടായതിനാല്‍ റിഫൈനറികള്‍ വാങ്ങല്‍ വെട്ടിക്കുറച്ചതായി വ്യവസായ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.
മെയ് മാസത്തില്‍ ഇന്ത്യ പ്രതിദിനം 3.18 ദശലക്ഷം ബാരല്‍ എണ്ണ (ബിപിഡി) ഇറക്കുമതി ചെയ്തു. ഇത് ഏപ്രില്‍ മാസത്തില്‍ നിന്ന് 31 ശതമാനം ഇടിഞ്ഞതായിയാണ് സൂചിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 26 ശതമാനവും കുറഞ്ഞു. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നടപടികള്‍ കാരണം അപ്രതീക്ഷിതമായി ഡിമാന്‍ഡ് കുറഞ്ഞിരുന്നു. ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ റിഫൈനറുകള്‍ വില കുറഞ്ഞ സാഹചര്യത്തില്‍ എണ്ണ ടാങ്കുകളില്‍ സംഭരിച്ചു. അധിക ചരക്കുകള്‍ വില്‍ക്കുകയും ക്രൂഡ് ഇറക്കുമതി നിയന്ത്രിക്കുകയും ചെയ്തു.
സാധാരണയായി ഒന്ന് മുതല്‍ രണ്ട് മാസം വരെ ചരക്കുകള്‍ ബുക്ക് ചെയ്യുന്ന റിഫൈനറുകള്‍, ഏപ്രിലില്‍ ലിഫ്റ്റിംഗിന് നിശ്ചയിച്ചിട്ടുള്ള ചില ടേം ചരക്കുകളും മാറ്റിവച്ചു. മെയ് മാസത്തിലെ കണക്കനുസരിച്ച് സൗദി അറേബ്യ തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എണ്ണ വിതരണം ചെയ്യുന്ന രാജ്യമായി. രാജ്യത്ത് എണ്ണ വിതരണം ഏപ്രില്‍ മുതല്‍ 28 ശതമാനം വരെ കുറഞ്ഞു.
ഇറാഖില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 43 ശതമാനം ഇടിഞ്ഞ് 554,000 ബിപിഡി ആയി. 2016 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇതെന്ന് റോയിട്ടേഴ്സ് തയ്യാറാക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. മെയ് മാസത്തില്‍ വെനിസ്വലയില്‍ നിന്നുള്ള എണ്ണയുടെ ഉപയോഗം 2011 ജൂണിനുശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. അതേസമയം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയത്തിന്റെ ഓപ്പറേറ്ററായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വെനസ്വേലയില്‍ നിന്ന് 2 ദശലക്ഷം ബാരല്‍ എണ്ണ ലഭിച്ചു.
വെനസ്വലയിലെ ദേശീയ എണ്ണക്കമ്പനിയായ പിഡിവിഎസ്എയ്ക്കെതിരായ യുഎസ് ഉപരോധത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന്റെ ഭാഗമായ നായര എനര്‍ജി മെയ് മാസത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്തില്ല. അന്താരാഷ്ട്ര എണ്ണ വിപണികളെ സുസ്ഥിരമാക്കാന്‍ വെനസ്വേലയും മറ്റ് ഉല്‍പാദന രാജ്യങ്ങളും ഒപെക് + ഗ്രൂപ്പും ഉല്‍പ്പാദനം വെട്ടിക്കുറച്ചു. റിഫൈനറുകള്‍ ക്രൂഡ് പ്രോസസ്സിംഗ് ഉയര്‍ത്തിയതിനാല്‍ ഗതാഗതവും വ്യാവസായിക പ്രവര്‍ത്തനങ്ങളും ക്രമേണ പുനരാരംഭിക്കുന്നതോടെ ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.