
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ആവശ്യകത മന്ദഗതിയിലായതിന്റെ ഫലമായി ഏപ്രിലില്‍ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) കണക്കുകള്‍ പ്രകാരം 2021 ഏപ്രിലില്‍ ഇന്ത്യ 18.26 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തു. ഏകദേശം 8.5 ബില്യണ്‍ ഡോളറാണ് ഇതിന്റെ മൂല്യം. മാര്‍ച്ചില്‍ 18.24 മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തിരുന്നു.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ സാധാരണയായി നിലവിലുള്ള എണ്ണവിലയെ ആശ്രയിച്ച് ഇറക്കുമതിയില്‍ വര്‍ധനവുണ്ടാകും. കാരണം എണ്ണക്കമ്പനികള്‍ വര്‍ഷം മുഴുവനുമുള്ള ആവശ്യങ്ങള്‍ക്കായി സ്റ്റോക്ക് സംഭരിക്കും. എന്നാല്‍ ഈ വര്‍ഷം, ഡിമാന്‍ഡില്‍ ഏകദേശം 10 ശതമാനം ഇടിവ് നേരിട്ടതിന്റെ ഫലമായി ഇറക്കുമതി നിയന്ത്രിക്കപ്പെട്ടു.
നിലവില്‍ ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 68-70 ഡോളറാണ്. ആവശ്യകത കുറഞ്ഞതിനൊപ്പം ഇറാന്‍ അന്താരാഷ്ട്ര എണ്ണ വ്യാപാരത്തിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുന്നതും മൂലം എണ്ണ വില വീണ്ടും വരും മാസങ്ങളില്‍ കുറയുമെന്ന് എണ്ണക്കമ്പനികള്‍ പ്രതീക്ഷിക്കുന്നു. ഏപ്രില്‍ മാസത്തെ അസംസ്‌കൃത ഇറക്കുമതി 2020 ഏപ്രിലിനേക്കാള്‍ 10.3 ശതമാനം കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ നിലനിന്നിരുന്നു എന്നതിനാല്‍ ഇതുമായുള്ള താരതമ്യം ഉചിതമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.