
ന്യൂഡല്‍ഹി: ഇന്ത്യയിലെ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം കൊവിഡിന് മുന്‍പത്തേതിലും താഴ്ന്ന നിലയില്‍. 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രതിശീര്‍ഷ വരുമാനം 91481 രൂപയാണെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. എന്നാല്‍ നെറ്റ് നാഷണല്‍ ഇന്‍കം അടിസ്ഥാനമാക്കിയുള്ള പ്രതീശീര്‍ഷ വരുമാനം 2022 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.5 ശതമാനമായി.
2019-20 കാലത്ത് വില സ്ഥിരത അടിസ്ഥാനമാക്കിയുള്ള പ്രതിശീര്‍ഷ വരുമാനം 94270 രൂപയായിരുന്നു. 2020 - 21 കാലത്ത് ഇത് 85110 രൂപയിലേക്ക് താഴ്ന്നു. കൊവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതാണ് ഇതിന് കാരണം. നിലവിലെ വിലയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിശീര്‍ഷ വരുമാനം 18.3 ശതമാനം ഉയര്‍ന്ന് 1.5 ലക്ഷം രൂപയായിട്ടുണ്ട്. 2020 -21 കാലത്ത് ഇത് 1.27 ലക്ഷം രൂപയും 2019 - 20 കാലത്ത് ഇത് 1.32 ലക്ഷം രൂപയുമായിരുന്നു. രാജ്യത്തിന്റെ പുരോഗതിയുടെ സൂചകമായിയാണ് പ്രതിശീര്‍ഷ വരുമാനം കണക്കാക്കുന്നത്.