
ഇന്ത്യയിലെ പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യം 2020 ല്‍ പ്രതിദിനം എട്ട് ശതമാനം ഇടിഞ്ഞ് 4,597 ആയിരം ബാരലായി കുറയുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ). മെയ് മാസത്തിലെ ഓയില്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020ല്‍ ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യം 415 കെബി / ഡി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്യാസോയില്‍ / ഡീസല്‍, ഗ്യാസോലിന്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഇന്ധനങ്ങളെന്നും ഐഇഎ പറയുന്നു.
ഗതാഗത നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തിന്റെ പെട്രോള്‍ ആവശ്യം 2020 രണ്ടാം പാദത്തില്‍ കുത്തനെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ പെട്രോള്‍ ആവശ്യം 60 ശതമാനം കുറയുമെന്ന് ഏജന്‍സി പ്രവചിക്കുന്നു. 2020 ന്റെ രണ്ടാം പാദത്തില്‍ പ്രതിദിനം അറുന്നൂറ്റി തൊണ്ണൂറായിരം ബാരലായി ഡീസല്‍ ഡിമാന്‍ഡ് ചുരുങ്ങുമെന്നും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം (എടിഎഫ്), മണ്ണെണ്ണ എന്നിവയുടെ ആവശ്യം ഏപ്രില്‍-മെയ് മാസങ്ങളില്‍ ഏകദേശം 40 ശതമാനം കുറയുമെന്നും പ്രവചിക്കുന്നു.
മണ്ണെണ്ണ ഡിമാന്‍ഡിന്റെ പകുതിയോളം ജെറ്റ് ഇന്ധനമായാണ് ഉപയോഗിക്കുന്നത്. വിമാന നിയന്ത്രണങ്ങളും ഇന്ധന ഉപഭോഗത്തെ സാരമായി ബാധിക്കുമെന്നും ഐഇഎ പറഞ്ഞു. മൊത്തത്തില്‍, 2019ലെ പ്രതിദിനം 5.01 ദശലക്ഷം ബാരലുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ല്‍ ഇന്ത്യയുടെ എണ്ണ ആവശ്യം പ്രതിദിനം 4.60 ദശലക്ഷം ബാരലായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര അസംസ്‌കൃത എണ്ണ ഉല്‍പാദനം 2020 ല്‍ വീണ്ടും കുറയുമെന്നും ഏജന്‍സി പ്രതീക്ഷിക്കുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, ക്രൂഡ് ഓയില്‍ ഉല്‍പാദനം വരും മാസങ്ങളില്‍ കുറയുകയും 2020 ല്‍ പ്രതിദിനം 0.75 ദശലക്ഷം ബാരലായി കുറയുകയും ചെയ്യും. 2019 ല്‍ പ്രതിദിനം 0.80 ദശലക്ഷം ബാരലായിരുന്നു കുറഞ്ഞത്.