
ചെന്നൈ: രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗം മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചയിലും മികച്ച വര്‍ധന. 19 ശതമാനത്തോളമാണ് വര്‍ധന. 51.67 ബില്യണ്‍ യൂണിറ്റാണ് ഉപഭോഗം. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലെ ആദ്യത്തെ രണ്ടാഴ്ച ഉപഭോഗം 43.55 ബില്യണ്‍ യൂണിറ്റായിരുന്നു. അന്ന് മെയ് മാസത്തിലാകെ ഉപഭോഗം 102.08 ബില്യണ്‍ യൂണിറ്റായിരുന്നു.
ഇക്കുറി മെയ് ആറിന് 168.78 ബില്യണ്‍ യൂണിറ്റാണ് ഊര്‍ജ്ജ ഉപഭോഗം. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോഗം രേഖപ്പെടുത്തിയ മെയ് 13 (146.54 ഗിഗാവാട്ട്)നെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. വ്യവസായ വാണിജ്യ രംഗത്തെ വൈദ്യുതി ഉപഭോഗത്തിലെ വര്‍ധനവാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ഏപ്രില്‍ മാസത്തില്‍ ഊര്‍ജ്ജ ഉപഭോഗം 119.27 ബില്യണ്‍ യൂണിറ്റായിരുന്നു. 2020 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് 41 ശതമാനമായിരുന്നു വര്‍ധന. 2019 ഏപ്രില്‍ മാസത്തില്‍ 110.11 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കപ്പെട്ടപ്പോള്‍ കൊവിഡ് പിടിച്ചുകുലുക്കിയ 2020 ല്‍ ഉപഭോഗം 84.55 ബില്യണ്‍ യൂണിറ്റിലേക്ക് ഇടിയുകയായിരുന്നു. സാമ്പത്തിക രംഗത്തിന്റെ പ്രവര്‍ത്തനം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തടസ്സപ്പെട്ടതാണ് ഇതിന് കാരണം.