
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇന്ധന വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ ഡീസല്‍ വിപണി ലക്ഷ്യമിട്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രി. യൂറോപ്പില്‍ വില ഉയരുന്നത് പരിഗണിച്ച് ജാംനഗറിലെ റിലയന്‍സ് പ്ലാന്റിലെ അറ്റകൂറ്റപ്പണികള്‍ കമ്പനി നീട്ടിവെച്ചു.
രണ്ട് റിഫൈനറികളില്‍ നിന്നായി ദിവസം 1.36 മില്യണ്‍ ബാരല്‍ ക്രൂഡ് ആണ് ജാംനഗറില്‍ റിലയന്‍സിന് പ്ലാന്റിന്റെ ശേഷി. പ്രതിദിനം 704,000 ബാരല്‍ കയറ്റുമതി ശേഷിയുള്ള പ്ലാന്റ് കൊവിഡിന് ശേഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ജാംനഗറിലെ ഒരു ക്രൂഡ് പ്രൊസസിംഗ് യൂണീറ്റ് അടച്ചുപൂട്ടാന്‍ റിലയന്‍സ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഈ യൂണീറ്റ് സെപ്റ്റംബര്‍ വരെ പ്രവര്‍ത്തിപ്പിക്കും.
റഷ്യയുടെ റോസ്‌നെഫ്റ്റ് ഓയില്‍ കമ്പനിക്ക് 49% ഓഹരികളുള്ള നയാര എനര്‍ജി ലിമിറ്റഡിന് ജാംനഗറില്‍ റിഫൈനറിയുണ്ട്. അതേ സമയം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ആഭ്യന്തര വിപണിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. റഷ്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് വില്‍ക്കാന്‍ തടസങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് ഈ മാസം ആദ്യം പറഞ്ഞത്.