
ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയില്‍ 2020ല്‍ 42 ശതമാനത്തോളം വര്‍ധന. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍തോതില്‍ കുറവുണ്ടായതാണ് കാരണമായി പറയുന്നത്. ലോകത്തെ തന്നെ ഏറ്റവുംവലിയ അരി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2020ല്‍ കയറ്റുമതി 1.4 കോടി ടണ്ണാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം 99 ലക്ഷം ടണ്‍ അരിയാണ് കയറ്റുമതി ചെയ്തത്.
വരള്‍ച്ചയെതുടര്‍ന്ന് തായ്ലാന്‍ഡില്‍നിന്നുള്ള കയറ്റുമതിയില്‍ കാര്യമായ കുറവുണ്ടായി. വിയറ്റ്നാമിലാകട്ടെ വിളവ് കുറയുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യത്തുനിന്നുള്ള അരിക്ക് പ്രിയമേറിയതായി റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.വി കൃഷ്ണ റാവു പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതിക്കാരായ തായ്ലാന്‍ഡില്‍ ഈവര്‍ഷം തുടക്കത്തില്‍തന്നെയുണ്ടായ വരള്‍ച്ച നെല്‍കൃഷിയെ ബാധിച്ചു. ഇതോടെ കയറ്റുമതി 65 ലക്ഷം ടണ്ണായി കുറഞ്ഞു. 20 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവാണിതെന്നാണ് വിലയിരുത്തല്‍.
ബംഗ്ലാദേശ്, നേപ്പാള്‍, സെനഗല്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യയില്‍നിന്ന് അരികയറ്റിയയയ്ക്കുന്നത്. ബസ്മതിയിനത്തില്‍പ്പെട്ട അരി ഇറാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും ഇറാഖിലേയ്ക്കും അയയ്ക്കുന്നുണ്ട്. ലഭ്യത കുറഞ്ഞതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ വില കൂടിയപ്പോള്‍ കുറഞ്ഞവിലയ്ക്ക് അരി നല്‍കാന്‍ ഇന്ത്യ തയ്യാറായതും കയറ്റുമതിവര്‍ധപ്പിക്കാന്‍ ഇടയാക്കി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യശോഷണവും കുറഞ്ഞവിലയ്ക്ക് അരിനല്‍കാന്‍ സഹായിച്ചതായി റാവു പറഞ്ഞു.