ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്; 2.7 ലക്ഷം കോടി ഡോളര്‍ മൂല്യം

February 09, 2021 |
|
News

                  ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്;  2.7 ലക്ഷം കോടി ഡോളര്‍ മൂല്യം

ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളുടെ പട്ടികയില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. വിപണിയിലെ മൂലധനം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ ഓഹരി വിപണിയായി ഇന്ത്യ മാറുന്നു. നേരത്തെ, പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു രാജ്യം. ഇന്ത്യന്‍ സൂചികകള്‍ നടത്തിവരുന്ന വന്‍ മുന്നേറ്റം ഇന്ത്യയുടെ സാമ്പത്തിക പ്രതിച്ഛായ പാടെ മാറ്റുകയാണ്.

നിലവില്‍ 2.7 ലക്ഷം കോടി ഡോളര്‍ മൂല്യമുണ്ട് ഇന്ത്യന്‍ ഓഹരി വിപണിക്ക്. വെള്ളിയാഴ്ച്ച ബിഎസ്ഇ സെന്‍സെക്സ് സൂചിക ചരിത്രത്തില്‍ ആദ്യമായി 51,000 മാര്‍ക്ക് പിന്നിട്ടത് ലോകം കണ്ടു. എന്‍എസ്ഇ നിഫ്റ്റി സൂചികയാകട്ടെ, വെള്ളിയാഴ്ച്ച 15,000 പോയിന്റെന്ന നാഴികക്കല്ലും മറികടന്നു. ഈ വര്‍ഷം മാത്രം ബെഞ്ച്മാര്‍ക്ക് നിഫ്റ്റി സൂചിക 6.9 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.

നിലവില്‍ ഇന്ത്യയിലെ ഓഹരി വിപണി കാനഡ, ജര്‍മനി, സൗദി അറേബ്യ രാജ്യങ്ങളെക്കാള്‍ വലുതാണ്. ഈ വര്‍ഷത്തെ മാത്രം ചിത്രം വിലയിരുത്തിയാല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ലോകത്തെ രണ്ടാമത്തെ ഓഹരി വിപണിയാണ് ഇന്ത്യയിലേത്. ഇപ്പോഴത്തെ വളര്‍ച്ചാ തരംഗം തുടരുകയാണെങ്കില്‍ പട്ടികയില്‍ ആറാമതുള്ള ഫ്രാന്‍സിനെ ഇന്ത്യ വൈകാതെ മറികടക്കും. 2.86 ലക്ഷം കോടി ഡോളറാണ് ഫ്രാന്‍സിലെ ഓഹരി വിപണിയുടെ മൂലധനം. നേരത്തെ, 11 മാസംകൊണ്ടാണ് ഇന്ത്യന്‍ ഓഹരി വിപണി കാനഡയെ മറികടന്ന് ഏഴാമതെത്തിയത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ഘടനയുള്ള ജര്‍മനിയുടെ ഓഹരി വിപണി മൂല്യം 2.53 ലക്ഷം കോടി ഡോളറാണ്. പട്ടികയില്‍ ഫ്രാന്‍സും ബ്രിട്ടണും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള രണ്ടു യൂറോപ്യന്‍ രാജ്യങ്ങള്‍.

നേരത്തെ, കഴിഞ്ഞ മൂന്നു മാസത്തെ പ്രകടനം അടിസ്ഥാനപ്പെടുത്തി എംഎസ്സിഐ ഇന്ത്യാ സൂചിക 21 ശതമാനം നേട്ടം കയ്യടക്കിയിരുന്നു. വികസ്വര വിപണികള്‍ക്കുള്ള എംഎസ് സിഐ സൂചിക 19 ശതമാനം നേട്ടമാണ് കുറിച്ചതെന്ന കാര്യം ഇവിടെ പ്രത്യേകം സൂചിപ്പിക്കണം. എംഎസ്സിഐയുടെ ആഗോള സൂചിക കഴിഞ്ഞ മൂന്നു മാസം കൊണ്ട് രേഖപ്പെടുത്തിയതാകട്ടെ, 12 ശതമാനം വളര്‍ച്ചയും. ഇന്ത്യയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വീണ്ടും താത്പര്യം പ്രകടിപ്പിച്ചതാണ് സെന്‍സെക്സ്, നിഫ്റ്റി സൂചികകളുടെ കുതിപ്പിന് കാരണം.

ജനുവരി 1 മുതല്‍ ഇതുവരെ 4.05 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപകരില്‍ നിന്നും ഓഹരി വിപണിയിലെത്തി. ഈ വര്‍ഷം വികസ്വര രാജ്യങ്ങളില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നിരിക്കുന്നത് ഇന്ത്യയിലാണ്. 4.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം ബ്രസീലിയന്‍ വിപണി കണ്ടു. അടുത്ത കാലത്ത് ഡോളര്‍ ദുര്‍ബലപ്പെട്ടതും വികസ്വര രാജ്യങ്ങളുടെ മുന്നേറ്റത്തിന് വഴിതെളിച്ചിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved