
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പഞ്ചസാര ഉപഭോഗത്തിനൊപ്പം തന്നെ ഉല്‍പാദനവും വര്‍ധിക്കുന്നതായി കണക്കുകള്‍. മാര്‍ച്ച് 15 വരെ 20 ശതമാനം വര്‍ധനവാണ് പഞ്ചസാരയുടെ ഉല്‍പാദനത്തില്‍ രേഖപ്പെടുത്തിയത്. 258.68 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പാദിപ്പിച്ചതായി ഇസ്മയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വ്യാപര വര്‍ഷത്തിലെ ഇതേ കാലയളവില്‍ 216.13 ലക്ഷം പഞ്ചസാരയാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചത്.
മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകളില്‍ പ്രകടമായ 68 ശതമാനം വര്‍ധനവാണ് രാജ്യത്തെ ആകെ പഞ്ചസാര ഉല്‍പാദനത്തിലും വര്‍ധനവിന് കാരണമായത്. ഈ കാലയളവില്‍ സംസ്ഥാനത്തെ 188 മില്ലുകള്‍ 94.05 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പാദിപ്പിച്ചു. അതേസമയം 120 പഞ്ചസാര മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഉത്തര്‍പ്രദേശില്‍ ഈ സീസണില്‍ പഞ്ചസര ഉല്‍പാദനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 87.16 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പാദിപ്പിച്ചെങ്കില്‍ ഇത്തവണ 84.25 ലക്ഷം പഞ്ചസാരയാണ് ഉത്തര്‍പ്രദേശില്‍ ഉല്‍പാദിപ്പിച്ചത്. 18 മില്ലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
തെക്കന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പഞ്ചസാര ഉല്‍പാദനം വര്‍ധിപ്പിച്ചതായി കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 33.35 ലക്ഷം ടണ്ണില്‍ നിന്ന് 41.35 ലക്ഷം ടണ്ണായി ഉയര്‍ന്നു. 66 പഞ്ചസാര മില്ലുകളില്‍ 62 മില്ലുകള്‍ ഇതിനകം സംസ്ഥാനത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്, 4 മില്ലുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ഗുജറാത്തില്‍ 15 പഞ്ചസാര മില്ലുകള്‍ 2021 മാര്‍ച്ച് 15 വരെ 8.49 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 7.78 ലക്ഷം ടണ്‍ പഞ്ചസാരയായിരുന്നു.2020-21 പഞ്ചസാര സീസണില്‍ രാജ്യത്ത് 502 പഞ്ചസാര മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് പ്രവര്‍ത്തിച്ച 457 ആയിരുന്നു. നിലവില്‍ 331 എണ്ണം ഇപ്പോഴും പ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ പഞ്ചസാര സീസണില്‍ ഇത് 319 എണ്ണം ആയിരുന്നു.