തൊഴിലില്ലായ്മ നിരക്ക് വഷളാകുന്നുവെന്ന് സിഎംഐഇ; നഗര മേഖലയിലെ പത്തില്‍ ഒരാള്‍ക്ക് ജോലിയില്ല

September 02, 2020 |
|
News

                  തൊഴിലില്ലായ്മ നിരക്ക് വഷളാകുന്നുവെന്ന് സിഎംഐഇ; നഗര മേഖലയിലെ പത്തില്‍ ഒരാള്‍ക്ക് ജോലിയില്ല

ഔപചാരിക മേഖലയില്‍ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്കും മൊത്തത്തിലുള്ള തൊഴിലില്ലായ്മയും കൂടുതല്‍ വഷളായെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 9.83 ശതമാനമായി ഉയര്‍ന്നെന്നും സിഎംഐഇ കണക്കുകള്‍ പറയുന്നു. ജൂലൈയില്‍ ഇത് 9.15 ശതമാനമായിരുന്നു, ഓഗസ്റ്റിലെ നഗര തൊഴിലില്ലായ്മ നിരക്ക് 9.83 ശതമാനത്തിലേത്തിയപ്പോള്‍, നഗര മേഖലയിലെ പത്തില്‍ ഒരാള്‍ക്ക് ജോലി കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയും വര്‍ധിച്ചിട്ടുണ്ട്.

ജൂലൈയിലെ 6.66 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 7.65 ശതമാനത്തിലേക്കെത്തിയിരിക്കുകയാണ് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക്. ഹരിയാനയാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ബാധിച്ച ഇന്ത്യന്‍ സംസ്ഥാനം. 33.5 ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപുറകെ 27.9 ശതമാനത്തോടെ ത്രിപുരയുമുണ്ട്. കൊവിഡ് പൂര്‍വ മാസങ്ങളായ ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നിവയിലേതിനെക്കാള്‍ വളരെ കൂടുതലാണ് ഓഗസ്റ്റ് മാസത്തെ തൊഴിലില്ലായ്മ നിരക്ക് എന്നതും ശ്രദ്ധേയം. ദേശീയ തൊഴിലില്ലായ്മ നിരക്ക് 7.22 ശതമാനത്തിനും 7.66 ശതമാനത്തിനും ഇടയിലായി വര്‍ധിച്ചു. മൊത്തത്തിലുള്ള തൊഴിലില്ലായ്മയും പോയ മാസത്തേക്കാള്‍ ഉയര്‍ന്ന തലങ്ങളിലാണ്. കഴിഞ്ഞ മാസമിത് 7.43 ശതമാനമായിരുന്നെങ്കില്‍, ഓഗസ്റ്റ് മാസത്തില്‍ 8.35 ശതമാനത്തിലെത്തിയിരിക്കുകയാണ് മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക്.

ആഗോളതലത്തില്‍ തന്നെ മോശം കണക്കുകളുള്ള ഇന്ത്യയുടെ ജിഡിപി സംഖ്യകളുടെ പുറകിലാണ് ഈ ഡാറ്റ വരുന്നത്. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ പുറത്തെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ രണ്ട് പാദങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സങ്കോചം നേരിട്ട കാരണത്താല്‍ത്തന്നെ, -23.9 ശതമാനത്തില്‍ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് ഉറ്റുനോക്കുകയാണെന്ന് പറയാവുന്നതാണ്. ഉല്‍പാദന മേഖല വളര്‍ച്ച -39.3 ശതമാനം, ഖനന മേഖല -23.3 ശതമാനം, നിര്‍മ്മാണ മേഖല -50 ശതമാനം, വ്യാപാര-ഹോട്ടല്‍ വ്യവസായം -47 ശതമാനം എന്നിവയാണ് കൊവിഡ് 19 മഹാമാരി ഏറ്റവും ദോഷകരമായി ബാധിച്ച മേഖലകള്‍. രാജ്യത്തിന്റെ ജിഡിപിയുടെ 45 ശതമാനത്തോളം വരുന്ന ഉല്‍പാദനം, നിര്‍മ്മാണം, വ്യാപാരം, ഹോട്ടല്‍ വ്യവസായം, ഗതാഗതം എന്നിവ ലോക്ക്ഡൗണ്‍ മൂലം ബാധിച്ചതിനാല്‍ നാളിതുവരെ വീണ്ടെടുക്കാനായിട്ടില്ല എന്നതും പ്രസക്തം.

Related Articles

© 2025 Financial Views. All Rights Reserved