മൊത്ത വില സൂചിക പണപ്പെരുപ്പം മാര്‍ച്ചില്‍ 14.55 ശതമാനമായി ഉയര്‍ന്നു

April 18, 2022 |
|
News

                  മൊത്ത വില സൂചിക പണപ്പെരുപ്പം മാര്‍ച്ചില്‍ 14.55 ശതമാനമായി ഉയര്‍ന്നു

മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ 14.55 ശതമാനത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ മാസം 13.11 ശതമാനമായിരുന്നു. ഇന്ധന വിലയിലും തുടര്‍ന്ന് ഉത്പന്ന വിലയിലും ഉണ്ടായ വര്‍ധനയാണ് മൊത്ത വില സൂചിക നാല് മാസത്തെ ഉയര്‍ന്ന നിലയിലേക്ക് കയറാന്‍ കാരണം. അതേസമയം, പച്ചക്കറി വിലയില്‍ നേരിയ കുറവുണ്ടെങ്കിലും അത് മൊത്ത വിലയില്‍ പ്രകടമാകുന്നില്ല. മുമ്പ് മൊത്ത വില സൂചിക 14.87 ശതമാനം രേഖപ്പെടുത്തിയത് 2021 നവംമ്പറിലാണ്. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 12 മാസമായി മൊത്തവില സൂചിക രണ്ടക്കത്തില്‍ തുടരുകയാണ്.

ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം മാര്‍ച്ച് മാസത്തില്‍ 8.06 ശതമാനവും പച്ചക്കറിയുത്പന്നങ്ങളുടേത് 19.88 ശതമാനവുമാണ്. ഫാക്ടറി ഉത്പന്നങ്ങളുടെ വിലക്കയറ്റ നിലവാരം ഫെബ്രുവരിയില്‍ 9.84 ആയിരുന്നത് ഇപ്പോള്‍ 10.71 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇന്ധന-ഊര്‍ജ മേഖലയില്‍ മാര്‍ച്ചിലെ വിലക്കയറ്റം 34.52 ശതമാനമായിട്ടുണ്ട്. ഇതാണ് മൊത്തവില സൂചികയില്‍ പ്രകടമാകുന്നത്.

ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക് 6.95 ശതമാനത്തില്‍ മാര്‍ച്ചില്‍ എത്തിയിരുന്നു. മൂന്ന് മാസമായി തുടര്‍ച്ചയായി ഈ നിരക്ക് ആര്‍ബി ഐ യുടെ സഹന പരിധിയായ 6 ശതമാനത്തിന് മുകളിലെത്തിയത് ശുഭസൂചനയല്ല. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കാണ് ആര്‍ബി ഐയുടെ വായ്പാ പോളിസിയെ സ്വാധീനിക്കുന്നത്. 17 മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഈ സാഹചര്യത്തില്‍ റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകള്‍ കേന്ദ്ര ബാങ്ക് ജൂണില്‍ ഉയര്‍ത്തിയേക്കും എന്ന വിലയിരുത്തലുകള്‍ ഉണ്ട്.

Read more topics: # WPI inflation,

Related Articles

© 2025 Financial Views. All Rights Reserved