
ന്യൂഡല്‍ഹി: ഇന്‍ഡിഗോ സഹസ്ഥാപകനും പ്രൊമോട്ടറുമായ രാഹുല്‍ ഭാട്ടിയയെ മാനേജിങ് ഡയറക്ടറാക്കി കമ്പനി. ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് എവിയേഷനാണ് കഴിഞ്ഞ ദിവസം നിര്‍ണായക തീരുമാനമെടുത്തത്. കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഐക്യകണ്ഠമായി രാഹുല്‍ ഭാട്ടിയയെ മാനേജിങ് ഡയറക്ടറായി നിയമിച്ചുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് രാഹുല്‍ ഭാട്ടിയയെന്ന് കമ്പനി സി.ഇ.ഒ റോണോജോയ് ദത്ത പറഞ്ഞു. ഏത് ബിസിനസിലും മികച്ച അവസരങ്ങള്‍ക്കായാണ് അദ്ദേഹം കാത്തിരിക്കുന്നത്. പുതിയ കാര്‍ഗോ സര്‍വീസിലും കൂടുതല്‍ റൂട്ടുകളിലും ഇന്‍ഡിഗോ സേവനം ആരംഭിക്കാന്‍ പോവുകയാണ്. പുതിയൊരു മാറ്റത്തിനാണ് കമ്പനി തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി നേതൃനിര ശക്തിപ്പെടുത്തുകയെന്നത് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ഇന്‍ഡിഗോ സി.ഇ.ഒ പറഞ്ഞു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ട്രാവല്‍ ഇന്‍ഡസ്ട്രീയില്‍ പരിചയമുള്ള ആളാണ് രാഹുല്‍ ഭാട്ടിയ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്‍ഡിഗോ പുതിയ പല മേഖലകളിലേക്കും ചുവടുവെച്ചത്. സിവില്‍ ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍ലൈന്‍ മാനേജ്‌മെന്റ്, ട്രാവല്‍ കോമേഴ്‌സ്, പൈലറ്റ് ട്രെയിനിങ്, എയര്‍ക്രാഫ്റ്റ് മെയിന്റിനന്‍സ് എന്‍ജീനിയറിങ് തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞുവെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.