
ബെംഗളൂരു: നാസയിലേക്കുള്ള യാത്ര മുടങ്ങിയ ബെംഗളൂരുവിലെ വിദ്യാര്‍ത്ഥിക്ക് നഷ്ടപരിഹാരമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് നല്‍കേണ്ടത് 1.6 ലക്ഷം രൂപ. പ്രാദേശിക ഉപഭോക്തൃ ഫോറത്തിന്റേതാണ് വിധി. 2019 ഓഗസ്റ്റ് 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കര്‍ണാടകയിലെ മുന്നേക്കൊലാല നിവാസിയായ കെവിന്‍ മാര്‍ട്ടിനാണ് നാസ സന്ദര്‍ശിക്കാനുള്ള അവസരം നഷ്ടപ്പെട്ടത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 6.30യ്ക്ക് ദില്ലിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു. സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും വിമാനത്തില്‍ പരമാവധി യാത്രക്കാരായെന്ന് പറഞ്ഞ് ഇന്‍ഡിഗോയുടെ ജീവനക്കാര്‍ കെവിനെ മടക്കി.
2019 ലെ കര്‍ണാടകയിലെ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു കെവിന്‍. ദേശീയ തലത്തില്‍ രണ്ടാമനായിരുന്നു ഈ മിടുക്കന്‍. ഐഐടി ഗുവാഹത്തിയില്‍ നടന്ന ടെക്‌നോത്തലോണ്‍ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെയാണ് കെവിനെ തേടി നാസ സന്ദര്‍ശനമെന്ന അപൂര്‍വ അവസരം എത്തിയത്. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തില്‍ അമേരിക്കയിലെ ബാള്‍ട്ടിമോറിലേക്കുമാണ് യാത്ര ചെയ്യേണ്ടിയിരുന്നത്.
നാസയിലേക്കുള്ള ക്ഷണപത്രം അടക്കം കാണിച്ചിട്ടും വിമാനക്കമ്പനി കനിഞ്ഞില്ല. ഇന്‍ഡിഗോ വിമാനത്തില്‍ ദില്ലിയില്‍ എത്താനായില്ലെങ്കില്‍ തനിക്ക് ബാള്‍ട്ടിമോറിലേക്ക് പോകാനാവില്ലെന്ന് കെവിന്‍ കെഞ്ചിപ്പറഞ്ഞിട്ടും വിമാനക്കമ്പനി ജീവനക്കാര്‍ കൈമടക്കി. പകരം മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരം ഒരുക്കിയെങ്കിലും അമേരിക്കയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ കെവിന് സാധിക്കില്ലായിരുന്നു.
ബെംഗളൂരുവില്‍ തിരിച്ചെത്തിയ കെവിന്‍ വിമാനക്കമ്പനിക്കെതിരെ പരാതിപ്പെട്ടു. ഇതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ ഇന്‍ഡിഗോയ്ക്ക് സാധിച്ചില്ല. ബെംഗളൂരു ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലാണ് പരാതിയില്‍ വാദം കേട്ടത്. 2019 ഡിസംബര്‍ 17നായിരുന്നു ഇത്. കേസ് ഈ കോടതിക്ക് പരിഗണിക്കാനാവില്ലെന്ന നിലപാടായിരുന്നു വിമാനക്കമ്പനിയുടേത്. എന്നാല്‍ കെവിന്റെ പക്കല്‍ സാധുവായ ടിക്കറ്റ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ വിമാനത്തിലെ യാത്രക്കാരാരും കെവിന് വേണ്ടി സീറ്റ് ഒഴിയാന്‍ തയ്യാറായില്ലെന്നും കമ്പനി അഭിഭാഷകന്‍ വാദിച്ചു. കെവിന് ബുക്ക് ചെയ്ത ടിക്കറ്റിന്റെ മുഴുവന്‍ തുകയും നഷ്ടപരിഹാരമായി 20000 രൂപയും നല്‍കിയെന്നും കൂടി കമ്പനി പറഞ്ഞു.
പിന്നീട് 16 മാസത്തോളം നീണ്ട നിയമനടപടികള്‍ക്കൊടുവില്‍ കമ്പനിക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു വിദ്യാര്‍ത്ഥിയുടെ അവസരം മറ്റൊരു യാത്രക്കാരന്റെ സമ്മതം ഇല്ലാത്തത് കൊണ്ട് നിഷേധിച്ചുവെന്ന് പറയുന്നത് അങ്ങേയറ്റം നീതികേടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2021 ഏപ്രില്‍ മൂന്നിനാണ് കോടതി വിധി പുറപ്പെടുവിച്ചത്. കെവിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. മാനസികമായി അനുഭവിച്ച കഷ്ടതകള്‍ക്കുള്ള പരിഹാരമായി 50000 രൂപയും നല്‍കണം. കോടതി നടപടികളുടെ ചെലവായ പതിനായിരം രൂപയും കമ്പനി നല്‍കണം. ഇതിനെല്ലാം പുറമെ 8605 രൂപ പലിശയായും നല്‍കണമെന്ന് വിധിയില്‍ പറയുന്നു.