
ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ 20 ശതമാനം ഷെഡ്യൂള്‍ഡ് വിമാന സര്‍വീസുകളും റദ്ദാക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍വീസിന് കുറഞ്ഞത് 72 മണിക്കൂര്‍ മുമ്പെങ്കിലും വിമാനസര്‍വീസുകള്‍ റദ്ദാക്കുമെന്നും അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് മറ്റ് വിമാന സര്‍വീസുകളുടെ ലഭ്യത അടക്കം പരിശോധിക്കാന്‍ സമയം ലഭിക്കുമെന്നും. അല്ലെങ്കില്‍ തങ്ങളുടെ വെബ് സൈറ്റിലെ പ്ലാന്‍ ബി മാര്‍ഗം ഉപയോഗിച്ച് അവരുടെ യാത്ര മാറ്റാനും കഴിയുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഇതിനെല്ലാം പുറമെ, 2022 ജനുവരി 31വരെ ബുക്ക് ചെയ്ത 2022 മാര്‍ച്ച് വരെയുള്ള വിമാനങ്ങള്‍ക്ക് പുതിയതും നിലവിലുള്ളതുമായ മുഴുവന്‍ ബുക്കിങ്ങുകള്‍ക്കും ചെയിന്‍ജ് ഫീസ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് വലിയ അളവില്‍ കോളുകള്‍ ലഭിക്കുന്നതിനാല്‍ കോള്‍ സെന്ററുമായി ബന്ധിപ്പിക്കുന്നത് ഒഴിവാക്കാനും പകരം സാധ്യമായ ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിക്കാനും എയര്‍ലൈന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വ്യോമയാന മേഖലയില്‍ ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തില്‍ 'ജാഗ്രതയോടെ ശുഭാപ്തിവിശ്വാസം' തുടരുന്നുവെന്ന് ഡിസംബറില്‍ നേരത്തെ എയര്‍ലൈന്‍ പറഞ്ഞിരുന്നു. കൊവിഡിന് മുമ്പുള്ള 100 ശതമാനം വിനിയോഗ ശേഷി എന്ന നിലയിലേക്ക് എയര്‍ലൈന്‍ എത്തിയതായി ഇന്‍ഡിഗോ വെളിപ്പെടുത്തി ഇന്‍ഡിഗോയുടെ ചീഫ് സ്ട്രാറ്റജി ആന്റ് റവന്യു ഓഫീസറായ സഞ്ജയ് കുമാര്‍ ഇന്തോ ഏഷ്യന്‍ ന്യൂസ് സര്‍വീസിനോട് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ നടപടിയുണ്ടായിരിക്കുന്നത്.
കൊവിഡ് പിടിമുറുക്കിയ 2020, 2021 വര്‍ഷങ്ങളില്‍ വ്യോമയാന വ്യവസായത്തിന് മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയ്ക്കും വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ആഭ്യന്തര സര്‍വീസുകള്‍ മികച്ചതാണെന്നും മഹാമാരിയും മറ്റുകുറഞ്ഞിരുന്നതിനാല്‍ ശക്തമായി വളര്‍ന്നതായും അദ്ദേഹം പ്രതികരിച്ചിരുന്നു.