അവസാനം എയര്‍ ഇന്ത്യക്കായി രണ്ട് കമ്പനികള്‍ ലേലത്തില്‍; അടച്ചുപൂട്ടല്‍ഭീഷണി ഒഴിഞ്ഞുപോകുമോ?

December 31, 2019 |
|
News

                  അവസാനം എയര്‍ ഇന്ത്യക്കായി രണ്ട് കമ്പനികള്‍ ലേലത്തില്‍; അടച്ചുപൂട്ടല്‍ഭീഷണി ഒഴിഞ്ഞുപോകുമോ?

പൊതുമേഖലാ വ്യോമകമ്പനിയായ എയര്‍ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമറിയിച്ച് ഇത്തിഹാദ് എയര്‍വേസും ഇന്‍ഡിഗോയും. ഈ കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടുവെന്നും , അനൌദ്യോഗികമായി ദേശീയ കാരിയറില്‍ താല്‍പര്യം പ്രകടിപ്പിച്ചതായുമാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ സ്ഥാപിച്ച ടാറ്റാ ഗ്രൂപ്പ് ഇതുവരെ എയര്‍ ഇന്ത്യയുടെ ലേലം വിളിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന സൂചനകളും റിപ്പോര്‍ട്ടിലുണ്ട്. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇത്തവണ എയര്‍ലൈനിലെ 100 ശതമാനം ഓഹരി വില്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2018ല്‍ ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമം നടക്കുമ്പോഴും എയര്‍ ഇന്ത്യയില്‍ 24 ശതമാനം ഓഹരി നിലനിര്‍ത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇന്‍ഡിഗോ ഓപ്പറേറ്റര്‍ ഇന്റര്‍ ഗ്ലോബ് ഏവിയേഷന് എയര്‍ ഇന്ത്യയില്‍ നൂറ് ശതമാനം ഓഹരികളും ലേലം വിളിക്കാന്‍ കഴിയുമെങ്കിലും വിദേശ നിക്ഷേപ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇത്തിഹാദിന് 49 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങാന്‍ കഴിയില്ല. ജെറ്റ് എയര്‍വേയ്സില്‍ 24 ശതമാനം ഓഹരികള്‍ എത്തിഹാദിന് സ്വന്തമായിരുന്നു. എയര്‍ ഇന്ത്യയുടെ താല്‍പ്പര്യ പ്രകടന  പത്രിക 2020 ജനുവരിയില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. എയര്‍ ഇന്ത്യയുടെ വില്‍പ്പന 2020 സാമ്പത്തിക വര്‍ഷം 1.05 ലക്ഷം കോടി രൂപ എന്ന ലക്ഷ്യത്തിലേക്ക് അടുക്കാന്‍ സര്‍ക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍ഇന്ത്യ വാങ്ങാന്‍ ആരുമെത്തിയില്ലെങ്കില്‍ ആറ് മാസത്തിനകം അടച്ചുപൂട്ടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. 

 

Related Articles

© 2025 Financial Views. All Rights Reserved