ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വെട്ടിക്കുറവ്; സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

July 28, 2020 |
|
News

                  ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വെട്ടിക്കുറവ്;  സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് വിമാന കമ്പനികള്‍ക്കാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വെട്ടിക്കുറവ് പ്രഖ്യാപിച്ചു. രണ്ടാം ഘട്ട ശമ്പള വെട്ടിക്കുറയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഈ വര്‍ഷം മെയ് മാസത്തില്‍, എ, ബി ബാന്‍ഡുകള്‍ ഒഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും ബോര്‍ഡിലുടനീളം വ്യത്യസ്ത ശതമാനം ശമ്പളം വെട്ടിക്കുറവ് നടപ്പാക്കിയിരുന്നു. നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി കുറഞ്ഞ വരുമാനത്തിനനുസരിച്ച് ചെലവുകള്‍ ക്രമീകരിക്കാന്‍ കൂടുതല്‍ ആഴത്തിലുള്ള ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടതുണ്ടെന്ന് ജീവനക്കാരുമായുള്ള ഒരു ആന്തരിക ആശയവിനിമയത്തില്‍ ഇന്‍ഡിഗോ സിഇഒ റോനോജോയ് ദത്ത പറഞ്ഞു.

കുറഞ്ഞ ശമ്പളമുള്ള ജീവനക്കാര്‍ക്കിടയിലെ ആഘാതം കുറയ്ക്കുന്നതിന്, ശമ്പള പിരമിഡിന്റെ ഏറ്റവും മുകളിലുള്ള ജീവനക്കാര്‍ക്കിടയില്‍ മാത്രം ശമ്പളം കുറയ്ക്കുന്ന ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ-മെയില്‍ അനുസരിച്ച്, ദത്ത തന്റെ ശമ്പളം 35 ശതമാനം വെട്ടിക്കുറച്ചു. നേരത്തെ 25 ശതമാനം ശമ്പളമാണ് വെട്ടിക്കുറച്ചിരുന്നത്. കൂടാതെ, സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍ 30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കും. വൈസ് പ്രസിഡന്റുമാരും എവിപികളും യഥാക്രമം 25 ശതമാനം, 15 ശതമാനം എന്നിങ്ങനെ ശമ്പളം വെട്ടിക്കുറയ്ക്കും.

എല്ലാ പൈലറ്റുമാരുടെയും ശമ്പള വെട്ടിക്കുറയ്ക്കല്‍ 28 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്നും ദത്ത കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ ഈ മാസം ആദ്യം എയര്‍ലൈന്‍ മൊത്തം തൊഴിലാളികളുടെ 10 ശതമാനം പിരിച്ചുവിട്ടിരുന്നു. കോവിഡ് -19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ എയര്‍ലൈന്‍ തീരുമാനിച്ചതായി ദത്ത ജൂലൈ 20 ന് വ്യക്തമാക്കിയിരുന്നു.

ഇന്‍ഡിഗോ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയോടെ ഇന്ത്യയിലെ ആഭ്യന്തര വിമാന പ്രവര്‍ത്തനങ്ങള്‍ രണ്ട് മാസത്തേക്ക് നിര്‍ത്തിവച്ചിരുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ 2020 മെയ് 25 ന് പുനരാരംഭിച്ചു. ഡിജിസിഎ നിര്‍ദ്ദേശപ്രകാരം നവംബര്‍ 24 വരെ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് അതിന്റെ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല.

Related Articles

© 2024 Financial Views. All Rights Reserved