നാലാംപാദത്തില്‍ വലിയ നഷ്ടം രേഖപ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്; ഓഹരികള്‍ 10 ശതമാനം ഉയര്‍ന്നു

May 27, 2022 |
|
News

                  നാലാംപാദത്തില്‍ വലിയ നഷ്ടം രേഖപ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്;  ഓഹരികള്‍ 10 ശതമാനം ഉയര്‍ന്നു

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ ഇന്ന് 10.40 ശതമാനം ഉയര്‍ന്നു. നാലാംപാദത്തില്‍ വലിയ നഷ്ടം നേരിട്ടിരുന്നുവെങ്കിലും എയര്‍ലൈന്‍ മാനേജ്മെന്റ് വരുമാനം വര്‍ധിപ്പിക്കുന്നതും, ചെലവ് കുറയ്ക്കുന്നതും ഉള്‍പ്പടെയുള്ള പോസിറ്റീവായ അവലോകം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഓഹരികള്‍ ഉയര്‍ന്നത്. നാലാം പാദത്തില്‍ എയര്‍ലൈനിന്റെ നഷ്ടം 1,681 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 1,147 കോടി രൂപ അറ്റ നഷ്ടം നേരിട്ടിരുന്നു. ഒമിക്രോണ്‍ വ്യാപനം മൂലം ഡിമാന്‍ഡ് കുറഞ്ഞതാണ് കമ്പനിയ്ക്ക് തിരിച്ചടിയായത്.

നാലാംപാദത്തിന്റെ രണ്ടാം പകുതിയില്‍ വ്യോമ ഗതാഗത മേഖല തിരിച്ചുവന്നെങ്കിലും ഉയര്‍ന്ന ഇന്ധന ചെലവും, രൂപ ദുര്‍ബലമായതും ഞങ്ങള്‍ക്ക് വലിയ വെല്ലുവിളികളായിരുന്നു. പരമാവധി വരുമാനം നേടുന്നതില്‍ ഇന്‍ഡിഗോ വളരെ ശക്തമായ നിലയിലാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ എയര്‍ലൈനിനെ ലാഭത്തിലേക്ക് തിരികെ കൊണ്ടുവരാനായി ശ്രമിക്കുമ്പോള്‍, ഏറ്റവും കാര്യക്ഷമമായ വ്യോമ ഗതാഗത ശൃംഖല സൃഷ്ടിക്കുന്നതിലും, ചെലവ് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ സിഇഒ റോണോജോയ് ദത്ത പറഞ്ഞു.

8,207.5 കോടി രൂപയാണ് മാര്‍ച്ച് പാദത്തിലെ ആകെ വരുമാനം. മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ 29 ശതമാനം വര്‍ധനയാണ് വരുമാനത്തിലുണ്ടായിരിക്കുന്നത്. നാലാം പാദത്തില്‍ പാസഞ്ചര്‍ ടിക്കറ്റ് വരുമാന ഇനത്തില്‍ 6,884.7 കോടി രൂപയാണ് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈയിനത്തിലെ വരുമാനത്തില്‍ 38.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അനുബന്ധ മേഖലകളില്‍ നിന്നുള്ള വരുമാനം 18.8 ശതമാനം വര്‍ധിച്ച് 1,058.3 കോടിയായി. ഓഹരി ഇന്ന് 1,816.20 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.

Read more topics: # ഇന്‍ഡിഗോ, # indigo,

Related Articles

© 2025 Financial Views. All Rights Reserved