ഉപഭോക്തൃ വില സൂചിക കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിക്കുന്നു; ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയുണ്ടാകും

October 16, 2020 |
|
News

                  ഉപഭോക്തൃ വില സൂചിക കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിക്കുന്നു;  ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയുണ്ടാകും

ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കും ഇത് പ്രയോജനം ചെയ്യും. വില സൂചികയുടെ അടിസ്ഥാനവര്‍ഷം 2001ല്‍നിന്ന് 2016ലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അടിസ്ഥാനവര്‍ഷം പരിഷ്‌കരിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും 2001നുശേഷം ഇതുവരെ പുതുക്കല്‍ നടന്നിട്ടില്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളും വ്യവസായമേഖലകളിലെ തൊഴിലാളികളുടെ ശമ്പളവും നിശ്ചയിക്കുന്നതും വില സൂചിക കണക്കാക്കിയാണ്. 48 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മൂന്നുകോടിയോളം വ്യവ്യസായ മേഖലകളിലെ തൊഴിലാളികള്‍ക്കും സൂചിക പുതുക്കുന്നതിലുടെ ശമ്പള വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ആരോഗ്യം, വിദ്യാഭ്യാസം, മൊബൈല്‍ ഫോണ്‍ ചെലവുകള്‍ എന്നിവ ഉള്‍പ്പടെ 90 മേഖലകളെക്കൂടി ഉള്‍ക്കൊള്ളിച്ചാകും ഇനി ഉപഭോക്തൃ വില സൂചിക നിശ്ചിയിക്കുക. പുതിയ സൂചിക യാഥാര്‍ഥ്യവുമായി കൂടുതല്‍ ബന്ധപ്പെട്ടതാകുമെന്നാണ് വിലയിരുത്തല്‍. പുതുക്കിയതുപ്രകാരമുള്ള സെപ്റ്റംബറിലെ സൂചിക അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ് വാര്‍ പറഞ്ഞു. നിലവിലെ സംവിധാനംവെച്ചുള്ള കണക്ക് പ്രകാരം ഓഗസ്റ്റിലെ പണപ്പെരുപ്പം 6.69ശതമാനമണ്. അതേസമയം, ഭക്ഷ്യപണപ്പെരുപ്പം 9 ശതമാനവുമാണ്.

Related Articles

© 2025 Financial Views. All Rights Reserved