എ.സി.മുത്തയ്യയെ 'വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍' ആയി പ്രഖ്യാപിച്ച് ഐഡിബിഐ ബാങ്ക്

September 03, 2020 |
|
News

                  എ.സി.മുത്തയ്യയെ 'വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍' ആയി പ്രഖ്യാപിച്ച് ഐഡിബിഐ ബാങ്ക്

ചെന്നൈ: പ്രമുഖ വ്യവസായിയും ബിസിസിഐ മുന്‍ പ്രസിഡന്റുമായ എ.സി.മുത്തയ്യയെ, വായ്പ തിരിച്ചടയ്ക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തുന്നയാള്‍ (വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍) ആയി പ്രഖ്യാപിച്ച് ഐഡിബിഐ ബാങ്ക്. മുത്തയ്യ സഹ ഉടമസ്ഥനായ ഫസ്റ്റ് ലീസിങ് കമ്പനി ഓഫ് ഇന്ത്യയുടെ പേരിലെടുത്ത 508.40 കോടിയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണിത്. വില്‍ഫുള്‍ ഡിഫോള്‍ട്ടറായി പ്രഖ്യാപിച്ചതിനാല്‍ ഇനി കമ്പനി ബാങ്കിന് ഏറ്റെടുക്കാം. തട്ടിപ്പിനു നിയമനടപടി സ്വീകരിക്കുകയും ചെയ്യാം. വ്യവസായി ആയ ഫറൂഖ് ഇറാനിയാണു കമ്പനിയുടെ മറ്റൊരു ഉടമസ്ഥന്‍.

പ്രമുഖ വ്യവസായിയും ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്ററുമായ എം.എ.ചിദംബരത്തിന്റ മകനാണു മുത്തയ്യ. ചെന്നൈ ചെപ്പോക്കിലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം അറിയപ്പെടുന്നതു ചിദംബരത്തിന്റെ പേരിലാണ്.വസ്തുക്കള്‍ പാട്ടത്തിനു നല്‍കുന്നതുമായി ബന്ധപ്പെട്ടു രാജ്യത്തു തുടങ്ങിയ ആദ്യത്തെ കമ്പനിയാണു ഫസ്റ്റ് ലീസിങ് കമ്പനി ഓഫ് ഇന്ത്യ. ഫണ്ട് വകമാറ്റി ചെലവഴിച്ചതുള്‍പ്പെടെ കമ്പനിക്കെതിരെ ഉയര്‍ന്ന ഒട്ടേറെ ആരോപണങ്ങള്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.താന്‍ കമ്പനിയുടെ ഡയറക്ടറായിരുന്നെങ്കിലും നടത്തിപ്പു പൂര്‍ണമായി ഇറാനിയുടെ കീഴിലായിരുന്നുവെന്നു നേരത്തെ മുത്തയ്യ പറഞ്ഞിരുന്നു. എന്നാല്‍, ഇറാനി ഇതു ശക്തമായി നിഷേധിച്ചു.വായ്പ തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും മനഃപൂര്‍വം വീഴ്ചവരുത്തുന്നവരെയാണു വില്‍ഫുള്‍ ഡിഫോള്‍ട്ടറായി ബാങ്കുകള്‍ പ്രഖ്യാപിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved