
മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 2019-’20 സാമ്പത്തികവർഷം 15 മാസമായി നീട്ടണമെന്ന് ഓഡിറ്റർമാരും വിവിധ വ്യവസായ സംഘടനകളും കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യം പരിശോധിക്കുന്നതായും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് വ്യവസായ വിദഗ്ധരുമായി ചർച്ച ചെയ്യുന്നതായുമാണ് വിവരം.
ശുപാർശ പ്രകാരം 2019-’20 സാമ്പത്തിക വർഷം ജൂൺ വരെ നീട്ടണം. ജൂലായിൽ തുടങ്ങുന്ന പുതിയ സാമ്പത്തികവർഷം 2021 മാർച്ചിൽ അവസാനിപ്പിക്കാനാകും. കമ്പനികൾക്ക് കണക്കുകൾ പരിശോധിക്കാൻ കൂടുതൽ സമയം നൽകുന്നതിനും ഓഡിറ്റർമാർക്ക് നേരിട്ട് പരിശോധന നടത്താൻ അവസരമൊരുക്കാനുമാണ് സാമ്പത്തികവർഷം നീട്ടണമെന്ന ആവശ്യം ശക്തമാകുന്നത്.
അടുത്ത ഏതാനും പാദവർഷങ്ങളിൽ വ്യവസായ ലോകത്ത് കൊറോണയുടെ പ്രത്യാഘാതം നിലനിൽക്കും. ഇക്കാലത്ത് വ്യവസായം മരവിച്ച സ്ഥിതിയിലായിരിക്കുമെന്നും കമ്പനികൾക്ക് നഷ്ടം മാത്രമായിരിക്കും ഉണ്ടാകുകയെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വ്യക്തമാക്കി. വിവിധ സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധിക്കുന്നതിനും അവരുടെ ആസ്തികളും ബാലൻസ് ഷീറ്റും വിലയിരുത്തുന്നതിനും കൊറോണ തടസ്സമാവുകയാണെന്ന് ഓഡിറ്റിങ് സ്ഥാപനങ്ങളും പറയുന്നു.
ലോക്ക്ഡൗൺ കാലത്ത് കമ്പനികളുടെ ബുക്ക് ക്ലോസ് ചെയ്യാനും സാമ്പത്തിക റിപ്പോർട്ട് തയ്യാറാക്കാനും പ്രായോഗിക ബുദ്ധിമുട്ടുള്ളതായി കൺസൾട്ടിങ് സ്ഥാപനങ്ങളും പറയുന്നു. സാമ്പത്തികവർഷം നീട്ടുന്നതിലൂടെ കമ്പനികൾക്ക് ഇതിൽ വലിയ ആശ്വാസമാകും ലഭിക്കുക. കമ്പനികൾക്ക് കൂടുതൽ സമയം നൽകേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണെന്ന് നികുതി രംഗത്തെ കൺസൾട്ടൻസി സ്ഥാപനങ്ങൾ സൂചിപ്പിച്ചു. നികുതി നൽകാനുള്ള തീയതി നീട്ടിയിട്ടുണ്ടെങ്കിലും സാമ്പത്തികവർഷം അവസാനിക്കുന്ന സാഹചര്യത്തിൽ മുൻകൂർ നികുതി നൽകാൻ റവന്യൂ വകുപ്പ് പ്രേരിപ്പിക്കുന്നുണ്ട്. സാമ്പത്തികവർഷം നീട്ടുന്നത് വഴി ഇത്തരം സാഹചര്യം ഒഴിവാക്കാനാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ചില വ്യവസായ കൂട്ടായ്മകൾ നടപ്പു സാമ്പത്തികവർഷം 21 മാസം ആക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഡിസംബറിൽ സാമ്പത്തികവർഷം അവസാനിച്ചാൽ പിന്നീട് പുതിയ സാമ്പത്തികവർഷം കലണ്ടർ വർഷത്തിനൊപ്പമാക്കാനാകുമെന്നും ഇവർ പറയുന്നു. അതേസമയം സാമ്പത്തിക വർഷവും കലണ്ടർ വർഷവും ഒന്നാക്കുന്നത് നേരത്തേ സർക്കാർ പരിഗണിച്ചിരുന്നതാണ്.