വേണ്ടത് 15 ലക്ഷം കോടി രൂപയുടെ പാക്കേജെന്ന് സിഐഐ

May 09, 2020 |
|
News

                  വേണ്ടത് 15 ലക്ഷം കോടി രൂപയുടെ പാക്കേജെന്ന് സിഐഐ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോക്ക്ഡൗണ്‍ വരുത്തിവെച്ച കനത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 15 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 7.5 ശതമാനം വരുന്ന പാക്കേജായിരിക്കും ഇത്. രാജ്യവ്യാപക ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം കൂടി അവസാനിക്കുമ്പോള്‍ രണ്ടു മാസത്തെ ഉല്‍പ്പാദനം പൂര്‍ണമായും നഷ്ടമാകുമെന്നും ഈ സാഹചര്യത്തില്‍ വലിയ സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നുമാണ് വ്യവസായ ലോകത്തിന്റെ ആവശ്യം.

സൂക്ഷ്മ, ചെറുകിട, മധ്യവര്‍ത്തി വ്യവസായങ്ങളെയും (എംഎസ്എംഇ) പാവപ്പെട്ടവരെയും അതിജീവനത്തിന് സഹായിക്കാന്‍ ഈ പാക്കേജ് ഉപകരിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. 'സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ 50 ദിവസമായി തടസപ്പെട്ടിരിക്കുന്നതിനാല്‍, സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ ഉണ്ടാകുന്ന പ്രതികൂല ആഘാതം നേരത്തെ ഞങ്ങള്‍ കണക്കാക്കിയതിലും ഏറെയായിയിരിക്കും. തൊഴിലുകളും വരുമാനവും സംരക്ഷിക്കാന്‍ സഹായിക്കുന്ന വലിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു,' സിഐഐ പ്രസിഡന്റ് വിക്രം കിര്‍ലോസ്‌കര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഗ്യാരന്റിയോടെ എംഎസ്എംഇകള്‍ക്ക് കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകള്‍ പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മഹാമാരി മൂലം കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത് രാജ്യത്തെ 63 ദശലക്ഷം എംഎസ്എംഇകളാണ്. 60-70% തുകയ്ക്ക് സര്‍ക്കാര്‍ നേരിട്ട് ഗ്യാരന്റി നില്‍ക്കുന്ന വായ്പാ പദ്ധതിയാണ് വ്യവസായങ്ങള്‍ക്ക് വേണ്ടത്. വായ്പയെടുത്ത വ്യവസായിക്ക് തിരിച്ചടക്കാനാവാതെ വന്നാല്‍ ഗ്യാരന്റി നല്‍കിയ തുക സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കണം. മേഖലയ്ക്ക് കൈകയച്ച് വായ്പ നല്‍കാനുള്ള ആത്മവിശ്വാസം ഇതിലൂടെ ബാങ്കുകള്‍ക്ക് ലഭിക്കുമെന്നും സിഐഐ ചൂണ്ടിക്കാട്ടുന്നു. രണ്ട് ലക്ഷം കോടി രൂപ, 4-5% പലിശനിരക്കിലും സര്‍ക്കാര്‍ ഗ്യാരന്റിയിലും എംഎസ്എംഇകള്‍ക്ക് ലഭ്യമാക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. 1.4-1.6 ലക്ഷം കോടി രൂപയുടെ പ്രത്യേക ഉദ്ദേശ്യ ഫണ്ട് രൂപീകരിച്ച് എ റേറ്റിംഗുള്ള കോര്‍പ്പറേറ്റുകളുടെ ബോണ്ടുകള്‍ വാങ്ങണമെന്നും പണലഭ്യത ഉയര്‍ത്താന്‍ ഇത് സഹായിക്കുമെന്നും സംഘടന ശുപാര്‍ശ ചെയ്യുന്നു.

പാക്കേജ് 2-4 ദിവസത്തിനകം

അടിസ്ഥാന വികസന മേഖലകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ രക്ഷാ പാക്കേജ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഗതാഗത, എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. 2 മുതല്‍ 4 ദിവസത്തിനുള്ളില്‍ ഈ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് ഫിനാന്‍സ് ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് കൗണ്‍സില്‍ അംഗങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് കൂടിക്കാഴ്ചയില്‍ അദ്ദേഹം വെളിപ്പെടുത്തി. പാക്കേജ് പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഉന്നത തലത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എംഇ മേഖലയ്ക്ക് മാത്രമല്ല സമഗ്ര മേഖലകളെയും പരിഗണിക്കുന്ന വിശാലമായ പാക്കേജാണ് കേന്ദ്രം പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്ന് ഗതാഗത സെക്രട്ടറി ഗിരിധര്‍ അര്‍മാനെ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved