ഇന്‍ഫോ പാര്‍ക്ക് വികസിപ്പിക്കുന്നു; 11 ലക്ഷം ചതുരശ്ര അടി ഇടം കൂടി ഒരുങ്ങുന്നു; 12,000 പുതിയ തൊഴിലവസരങ്ങള്‍

July 20, 2021 |
|
News

                  ഇന്‍ഫോ പാര്‍ക്ക് വികസിപ്പിക്കുന്നു; 11 ലക്ഷം ചതുരശ്ര അടി ഇടം കൂടി ഒരുങ്ങുന്നു; 12,000 പുതിയ തൊഴിലവസരങ്ങള്‍

കൊച്ചി: ഐടി ഹബായ ഇന്‍ഫോ പാര്‍ക്കില്‍ 11 ലക്ഷം ചതുരശ്ര അടി ഇടം കൂടി അധികമായി ഒരുങ്ങുന്നു. അതുവഴി സൃഷ്ടിക്കപ്പെടുന്നത് 12,000 തൊഴില്‍ അവസരങ്ങള്‍. നിര്‍മാണം പുരോഗമിക്കുന്ന ചില ഐടി ടവറുകള്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ. 12 ലക്ഷം ചതുരശ്ര അടി ഓഫിസ് ഇടമാണു നിലവിലുള്ളത്. ഇവിടെ ജോലി ചെയ്യുന്നത് 61,000 പേര്‍.

ഇന്‍ഫോ പാര്‍ക്ക് ആദ്യ ഘട്ടത്തിന്റെ (ഇന്‍ഫോ പാര്‍ക്ക് ഫേസ് 1) ഭാഗമായി ഐബിഎസ് സോഫ്റ്റ്വെയര്‍ സര്‍വീസസിന്റെ സ്വന്തം ഐടി ക്യാംപസ് നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. 4.21 ഏക്കര്‍ സ്ഥലത്ത് 6 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ക്യാംപസില്‍ 6,000 ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുക.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി (ഫേസ് 2) 2.63 ഏക്കര്‍ സ്ഥലത്തു 3 ടവറുകളിലായി ഒരുങ്ങുന്ന കാസ്പിയന്‍ ടെക് പാര്‍ക്ക് ക്യാംപസ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. 1.30 ലക്ഷം ചതുരശ്ര അടി ഓഫിസ് ഇടം ലഭ്യമാക്കുന്ന ആദ്യ ടവര്‍ 2022 ആദ്യ പാദത്തോടെ പൂര്‍ത്തിയാകും. പത്തു നിലകളുള്ള ഈ കെട്ടിടത്തില്‍ ഐടി, ഐടിഇഎസ്, കോര്‍പറേറ്റ്, സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുക. മറ്റൊരു പ്രധാന ക്യാംപസായ  ക്ലൗഡ് സ്‌കേപ്സ് സൈബര്‍ പാര്‍ക് ഉദ്ഘാടന ഘട്ടത്തിലേക്കു നീങ്ങുകയാണ്.

ഇന്‍ഫോ പാര്‍ക്കിന്റെ സാറ്റലൈറ്റ് ക്യാംപസുകളായ കൊരട്ടി, ചേര്‍ത്തല പാര്‍ക്കുകളിലും പുതിയ ഓഫിസ് ഇടം ഒരുങ്ങുന്നുണ്ട്.  ഇവിടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ഇടം ലഭിക്കും.

Related Articles

© 2024 Financial Views. All Rights Reserved