
അമേരിക്കയില്‍ കുടിയേറ്റ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനായി എച്ച് -1 ബി ഉള്‍പ്പെടെ നിരവധി തൊഴില്‍ വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പിട്ടതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ഇന്ന് ഐടി ഓഹരികള്‍ക്ക് കനത്ത ഇടിവ്. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയുള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ ഇന്ന് സൂചികയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്.
ടിസിഎസിന്റെ ഏറ്റവും മോശം ഓപ്പണിംഗായിരുന്നു ഇന്ന് രേഖപ്പെടുത്തിയത്. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 11.15 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇന്‍ഫോസിസ് അഞ്ച് ശതമാനവും വിപ്രോ 1.5 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഐടി സൂചിക 0.16 ശതമാനം ഇടിഞ്ഞ് 14,440 ലെത്തി.
എച്ച് -1 ബി, എച്ച് -2 ബി, എല്‍, ജെ വിസകളിലൂടെ യുഎസിലേക്കുള്ള എന്‍ട്രികള്‍ താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നുവെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ 24 ബുധനാഴ്ച മുതല്‍ പ്രഖ്യാപനം പ്രാബല്യത്തില്‍ വരും. ഈ വര്‍ഷാവസാനം വരെയാണ് വിസ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. വിസകള്‍ താല്‍ക്കാലികമായി നിരോധിക്കാനുള്ള ട്രംപിന്റെ നീക്കം കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ജോലി നഷ്ടപ്പെട്ട യുഎസ് പൗരന്മാര്‍ക്ക് 5,25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്.
ഓരോ വര്‍ഷവും നല്‍കുന്ന 85,000 വിസകളില്‍ 70 ശതമാനവും ഇന്ത്യക്കാര്‍ക്കുള്ളതായതിനാല്‍ ഈ നടപടി ഇന്ത്യന്‍ ഐടി കമ്പനികളെ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എച്ച് 1-ബി, എല്‍ 1 തുടങ്ങിയ വര്‍ക്ക് വിസകള്‍ ഐടി കമ്പനികള്‍ യുഎസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജീവനക്കാരെ നിയമിക്കുന്നതിന് പതിവായി ഉപയോഗിക്കുന്നവയാണ്. ടിസിഎസിന്റെയും ഇന്‍ഫോസിസിന്റെയും എച്ച് -1 ബി വിസകള്‍ 40-50 ശതമാനവും വിപ്രോ, എച്ച്‌സിഎല്‍ ടെക്ക് എന്നിവയുടേത് 30-35 ശതമാനവുമാണ്.
ട്രംപിന്റെ പ്രഖ്യാപനത്തില്‍ നിരാശനായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, യുഎസിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കുടിയേറ്റം സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞു. കുടിയേറ്റം അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തില്‍ നിരാശരായെന്നും കുടിയേറ്റക്കാരോടൊപ്പം നില്‍ക്കുകയും എല്ലാവര്‍ക്കും അവസരം ലഭിക്കുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പിച്ചൈ ട്വീറ്റ് ചെയ്തു.