ഇന്‍ഫോസിസ് നാലാം പാദ അറ്റാദായം 12 ശതമാനം ഉയര്‍ന്ന് 5,686 കോടി രൂപയായി

April 14, 2022 |
|
News

                  ഇന്‍ഫോസിസ് നാലാം പാദ അറ്റാദായം 12 ശതമാനം ഉയര്‍ന്ന് 5,686 കോടി രൂപയായി

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ നാലാം പാദത്തിലെ സംയോജിത അറ്റാദായം 12 ശതമാനം ഉയര്‍ന്ന് 5,686 കോടി രൂപയായി. ബംഗളുരു ആസ്ഥാനമായുള്ള കമ്പനിക്ക് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5,076 കോടി രൂപയായിരുന്നു അറ്റാദായം. ഇന്‍ഫോസിസിന്റെ മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 26,311 കോടി രൂപയില്‍ നിന്നും 22.7 ശതമാനം ഉയര്‍ന്ന് 32,276 കോടി രൂപയായി.

2022-23 വര്‍ഷത്തില്‍ കമ്പനി 13 മുതല്‍ 15 ശതമാനത്തിന്റെ മൊത്ത വരുമാന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറ്റാദായം 14.3 ശതമാനം ഉയര്‍ന്ന് 22,110 കോടി രൂപയില്‍ എത്തിയിരുന്നു. മൊത്ത വരുമാനം 21 ശതമാനം ഉയര്‍ന്ന് 1,21,641 കോടി രൂപയുമായിരുന്നു.

ഉപഭോക്താക്കളുടെ പ്രതീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള തങ്ങളുടെ കഴിവില്‍ വിശ്വസിക്കുന്നതായും വിപണി പങ്കാളിത്തത്തില്‍ നേട്ടമുണ്ടാക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്‍ഫോസിസ് സിഇഒയും എംഡിയുമായ സലില്‍ പരേഖ് പറഞ്ഞു. 2021-22ല്‍, ഇന്‍ഫോസിസ്  ഒരു ഓഹരിക്ക് 16 രൂപ ലാഭവിഹിതമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ശക്തമായ ഡിമാന്‍ഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വില്‍പ്പന, ഡെലിവറി എന്നിവയിലുടനീളം ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ ദീര്‍ഘകാല നിക്ഷേപം നടത്താനാണ് കമ്പനി വിഭാവനം ചെയ്യുന്നത്.  ചെലവ്ചുരുക്കല്‍ പരിപാടികളിലൂടെയും സേവന മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിലനിര്‍ണ്ണയത്തിലൂടെയും, ബ്രാന്‍ഡ് വൈവിധ്യവത്കരണത്തിലൂടെയും ചില ആഘാതങ്ങളെ ഇല്ലാതാക്കാനാണ് കമ്പനി ശ്രദ്ധിക്കുന്നതെന്നും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലഞ്ജന്‍ റോയ് പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved